ജിംനോസ്റ്റാക്കിയം വാരിയരാനം; വാര്യരുടെ പേരുള്ള ഔഷധ സസ്യം

കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനായിരുന്നു പി.കെ വാര്യരുടെ പേര് നല്‍കിയത്

Update: 2021-07-10 08:15 GMT
Editor : Jaisy Thomas | By : Web Desk

ആയുര്‍വേദത്തിലെ ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി.കെ വാര്യര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചും ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനം മുന്‍നിര്‍ത്തിയും ഒരു ഔഷധ സസ്യത്തിന് വാര്യരുടെ പേര് നല്‍കി അദ്ദേഹത്തെ കേരളം ആദരിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയിലെ ആറളം വനപ്രദേശത്തു കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനായിരുന്നു പി.കെ വാര്യരുടെ പേര് നല്‍കിയത്. ജിംനോസ്റ്റാക്കിയം വാരിയരാനം എന്നാണ് ഈ സസ്യത്തിന് പേര് നല്‍കിയത്. 70 സെ.മീ നീളത്തില്‍ വളരുന്ന ഈ സസ്യം നവംബറിനും മാര്‍ച്ച് മാസത്തിനും ഇടയിലാണ് പുഷ്പിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുള്ള പുഷ്പങ്ങളാണ് ഉണ്ടാകുന്നത്. വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഈ ചെടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഔഷധ സസ്യ ഉദ്യാനത്തില്‍ പരിപാലിക്കുന്നുണ്ട്. സസ്യകുടുംബമായ അക്കാന്തേസിയയിലെ ജിംനോസ്റ്റാക്കിയം ജനുസ്സില്‍പ്പെട്ടതാണ് ഇത്. ഇന്ത്യയില്‍ ഈ ഇനത്തില്‍പ്പെട്ട 14 സസ്യങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ വെറും ഏഴെണ്ണം മാത്രമാണുള്ളത്.

2015 സെപ്തംബറില്‍ കണ്ണൂരിലെ ആറളം വന്യജീവിസങ്കേതത്തിൽ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്‌. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗ്ഗീകരണ വിഭാഗം ശാസ്ത്രജ്ഞനായ ഡോക്ടർ കെ.എം. പ്രഭുകുമാറിന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്‍റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.  ഇംഗ്ലണ്ടിൽ നിന്നുള്ള അന്താരാഷ്ട്ര സസ്യവർഗ്ഗീകരണ ജേർണലായ ക്യൂ ബുള്ളെറ്റിനിൽ (Kew Bulletin) സസ്യത്തിന്‍റെ കണ്ടെത്തൽ സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിരുന്നു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News