യുക്തിവാദി നേതാവ് യു. കലാനാഥൻ അന്തരിച്ചു

കേരള യുക്തിവാദി സംഘം പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചു

Update: 2024-03-07 02:06 GMT

മലപ്പുറം: കേരളത്തിലെ യുക്തിവാദ പ്രസ്ഥാനത്തിൻ്റെ സ്ഥാപകരിൽ പ്രമുഖ നേതാവായിരുന്ന യു. കലാനാഥൻ മാസ്റ്റർ (84) അന്തരിച്ചു. കേരള യുക്തിവാദി സംഘത്തിൻ്റെ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ ദീർഘകാലം വഹിച്ചു. യുക്തിവാദി സംഘടനകളുടെ ദേശീയ സംഘടനയായ എഫ്.ഐ.ആർ.എ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 1979-84, 1995-2000 എന്നീ രണ്ടു ഘട്ടങ്ങളിലായി 10 വർഷം പ്രവർത്തിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനം ജനകീയമായും ജനകീയ പങ്കാളിത്തത്തോടെയും നടപ്പാക്കി വലിയ ജനശ്രദ്ധ നേടിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.കാട്ടുങ്ങൽ തോട് ജനകീയ ജലസേചന പദ്ധതി, കുണ്ടംപാടം ജലസേചന പദ്ധതി, മലയാറ്റിൽ തോട് നവീകരണം, മണൽചാക്ക് നിറച്ച് കടലാക്രമണം തടയാൻ കടൽഭിത്തി, ജനകീയ ബോട്ടു ജട്ടി നിർമാണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കി 1998ലെ സ്വരാജ് ട്രോഫി വള്ളിക്കുന്നിലെത്തിച്ചു. കേരളാ ഗവർണർ വള്ളിക്കുന്നിൽ വന്നാണ് ട്രോഫി സമ്മാനിച്ചത്.

Advertising
Advertising

1996ൽ ഇ.എം.എസ് അടക്കമുള്ള പ്രഗത്ഭർ പങ്കെടുത്ത് വള്ളിക്കുന്നിൽ സംഘടിപ്പിച്ച വികസന സെമിനാറും വള്ളിക്കുന്നിൻ്റെ വികസന രേഖയും മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയായിമാറി. റോഡുകളും വൈദ്യുതിയും ഇല്ലാതിരുന്ന വള്ളിക്കുന്നിൽ വികസനമെത്തിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ചു. കടലുണ്ടി - ചെട്ട്യാർ മാട് റോഡ്, ആനങ്ങാടിഫിഷ് ലാൻഡിങ് സെൻറ, കോട്ടക്കടവ് പാലം, ഒലിപ്രംകടവ് പാലം, കടലുണ്ടിക്കടവ് പാലം എന്നിവ യാഥാർഥ്യമാക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു.

ആൾ ഇന്ത്യാ പ്രോഗ്രസ്സീവ് ഫോറം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ചാലിയം യു.എച്ച്.എച്ച്.എസിൽ സയൻസ് അധ്യാപകനായിരുന്നു. ദീർഘകാലം സി.പി.എം വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. നിരവധി കൃതികളും കവിതകളും രചിച്ചിട്ടുണ്ട്. ഭാര്യ: ശോഭന, മകൻ: ഷമീർ.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News