കാസർകോട്ട് മോക്ക്‌പോളിൽ കണ്ടെത്തിയ ക്രമക്കേട് ആശങ്ക സൃഷ്ടിക്കുന്നത്-റസാഖ് പാലേരി

''ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഏത് വിധേനയും തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് തെരഞ്ഞെടുപ്പ് വിജയമൊരുക്കുന്നതിനുള്ള ഉപകരണമായി വോട്ടിംഗ് മെഷീൻ ഒരു കാരണവശാലും മാറാൻ പാടില്ല.''

Update: 2024-04-18 15:35 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർകോട്ട് മോക്‌പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ വോട്ടിംഗ് മെഷീനുകളിൽ ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന സന്ദേഹം ജനങ്ങളിൽ ഉണ്ടാകുന്നതിന് ഈ സംഭവം കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന സാഹചാര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ വോട്ടിംഗ് മെഷീനുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. മുഴുവൻ വി വി പാറ്റുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിക്കിടെ കാസർകോട് സംഭവത്തിൽ സുപ്രീംകോടതി നടത്തിയ ഇടപെടൽ സ്വാഗതാർഹമാണ്. സുപ്രീംകോടതിയുടെ തന്നെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ തുടർനടപടികൾ ഉണ്ടാകണമെന്നും റസാക്ക് പാലേരി ആവശ്യപ്പെട്ടു

ജനാധിപത്യ മര്യാദകൾ പാലിക്കാതെ ഏത് വിധേനയും തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് തെരഞ്ഞെടുപ്പ് വിജയമൊരുക്കുന്നതിനുള്ള ഉപകരണമായി വോട്ടിംഗ് മെഷീൻ ഒരു കാരണവശാലും മാറാൻ പാടില്ല. നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പ്രയോഗവൽക്കരിക്കാൻ കഴിയില്ലെങ്കിലും തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഇത്തരം ആശങ്കകളെ മുഖവിലക്കെടുത്ത് പേപ്പർ ബാലറ്റിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനവിധി ഒരുവിധ അട്ടിമറികൾക്കും വിധേയമല്ലെന്ന് ഉറപ്പുവരുത്തുന്നതായിരിക്കണം തെരഞ്ഞെടുപ്പ് സംവിധാനങ്ങൾ. ആ നിലക്കുള്ള നിർദ്ദേശങ്ങൾ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണഘടന സ്ഥാപനങ്ങളുടെ നിക്ഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ ജനങ്ങളോടുള്ള കടമയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ പ്രവർത്തിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്കാകണമെന്നും അദ്ദേഹം പറഞ്ഞു.

Summary: Welfare Party Kerala State President Razak Paleri said that the incident that was detected during the Kasaragod Mock Poll reinforces the concerns raised in the country regarding electronic voting machines.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News