കലിയടങ്ങാതെ മഴ; കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം

Update: 2021-10-16 09:45 GMT
Advertising

സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശമുണ്ട്.

തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.

പത്തനംതിട്ടയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി - ആനത്തോട് ഡാം തുറക്കുന്നത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം തീരുമാനമെടുക്കും. ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് തുടരുകയാണ്. രാത്രികാല യാത്രാനിരോധനം ഈ മാസം 20 വരെ നീട്ടി.കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ്. തെന്മല ഡാമിന്‍റെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. അഞ്ചൽ ആയൂർ പാതയിൽ റോഡ് തകർന്നു. റോഡ് നിർമാണം നടക്കുന്ന പെരിങ്ങള്ളൂർ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകർന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകർന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News