ആനന്ദ് കെ. തമ്പിയെ തള്ളിപ്പറഞ്ഞ നേതാക്കൾക്കെതിരെ ആർഎസ്എസ് നേതൃത്വവും പാർട്ടി പ്രവർത്തകരും; പ്രതിസന്ധിയിലായി ബിജെപി

ആർഎസ്എസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് വി. മുരളീധരന്റെ പേഴ്സണൽ സെക്രട്ടറിയുൾപ്പെടെ രംഗത്തെത്തി.

Update: 2025-11-18 07:34 GMT

Photo| Special Arrangement

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യയിൽ പ്രതിസന്ധിയിലായി ബിജെപി. ആനന്ദിനെ തള്ളിപ്പറഞ്ഞ നേതാക്കൾക്കെതിരെ ആർഎസ്എസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെ ആർഎസ്എസ് മണ്ഡൽ കാര്യവാഹ് അഖിൽ മനോഹർ രം​ഗത്തെത്തി.

ഒറ്റവാക്കിൽ തള്ളിപ്പറഞ്ഞപ്പോൾ മുറിവേറ്റത് സാധാരണ പ്രവർത്തകർക്കെന്ന് അഖിൽ മനോഹർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങൾ കാണിച്ചുതന്നെന്നും എന്ത് സന്ദേശമാണ് ഇതുവഴി പ്രവർത്തകർക്ക് കൊടുക്കുന്നതെന്നും സുരേഷിനോട് അഖിൽ മനോഹർ ചോദിച്ചു. അകത്തും പുറത്തുമുള്ള പ്രവർത്തകർക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നാണോ പറയുന്നതെന്നും അഖിൽ മനോ​ഹർ ചോദിച്ചു.

Advertising
Advertising

വെള്ളായണിയിൽ താമസിക്കുന്ന എസ്. സുരേഷിന് തൃക്കണ്ണാപ്പുരത്തെ പ്രവർത്തകരെ അറിയില്ലെങ്കിൽ അതൊരു ന്യൂനതയാണ്. എസ്. സുരേഷ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ആയിരുന്നപ്പോഴുള്ള ഡയറി കൈയിലുണ്ടങ്കിൽ ഒന്ന് മറിച്ചുനോക്കണം. അതിൽ തൃക്കണ്ണാപുരം വാർഡിന്റെ ചുമതലക്കാരുടെ ലിസ്റ്റുണ്ടാകുമെന്നും ആനന്ദിന്റെ പേരും അതിൽ കാണുമെന്നും അഖിൽ മനോഹർ പറയുന്നു.

അഖിൽ മനോഹറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് വി. മുരളീധരന്റെ പേഴ്സണൽ സെക്രട്ടറിയുൾപ്പെടെ രംഗത്തെത്തി. ന്യായമായ പ്രതിഷേധം എന്നാണ് വി. മുരളീധരന്റെ പേഴ്സണൽ സെക്രട്ടറി സനോജ് കുമാറിന്റെ കമന്റ്. അഖിൽ മനോഹറിന്റെ പോസ്റ്റിന് താഴെ, നേതൃത്വത്തിനെതിരെ നിരവധി ബിജെപി- സംഘ്പരിവാർ പ്രവർത്തകരും അനുഭാവികളുമാണ് കടുത്ത വിമർശനവും അമർഷവും രേഖപ്പെടുത്തുന്നത്.

ഒബിസി മോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ബിന്ദു വലിയശാലയും എസ്. സുരേഷിനെതിരെ രംഗത്തെത്തി. 'മൂന്നും നാലും വർഷം പ്രവർത്തിക്കാതെ മാറിനിന്നവർക്ക് സീറ്റ് കൊടുക്കാം. ഒരേ വാർഡിൽ ഒന്നും രണ്ടും തവണ നിന്ന് തോറ്റവർക്ക് അതേ വാർഡിൽ വീണ്ടും കൊടുക്കാം, പേര് പോകാത്ത വാർഡുകളിൽ ജാതിയും വർണവും നോക്കി അവസരം കൊടുക്കാം, ഇഷ്ടക്കാരെ വാർഡ് പ്രവർത്തകരുടെ അനുവാദമില്ലാതെ മത്സരിപ്പിക്കാം, ജാതിയും മതവും വർണവും ആരോഗ്യവും സമയവും സമ്പത്തും നോക്കാതെ പ്രവർത്തിച്ചവർക്ക്...?'- എന്നാണ് ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യ. എന്നാൽ ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലെന്നായിരുന്നു എസ്. സുരേഷിന്റെ നിലപാട്. ആനന്ദ് ബി. തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്നായിരുന്നു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പരാമർശം. 



Full View
Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News