റബ്ബർ മേഖലയെ സംസ്ഥാന-കേന്ദ്ര ബജറ്റുകളിൽ അവഗണിച്ചു; പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 600 കോടിയുടെ പദ്ധതികൾ നടപ്പിലായില്ലെന്ന് കർഷക സംഘടനകൾ
കോട്ടയം: പ്രതിസന്ധിയിൽ തുടരുന്ന റബ്ബർ മേഖലയെ കേന്ദ്ര ബജറ്റിനു പിന്നിലെ സംസ്ഥാന ബജറ്റിലും അവഗണിച്ചെന്ന് കർഷക സംഘടനകൾ. കൈത്താങ്ങാവുന്ന ഒരു പ്രഖ്യാപനവും ബജറ്റുകളിൽ ഉണ്ടായില്ലെന്നാണ് വിമർശനം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ കർഷകരെ അണി നിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.
വിലയിടിവിൽ തകർന്നു നിൽക്കുന്ന റബർ മേഖലയ്ക്കും കർഷകർക്കും സഹായകമാകുന്ന ഒരു പ്രഖ്യാപനവും കേന്ദ്രബജിൽ ഉണ്ടായിരുന്നില്ല. റബ്ബർ എന്ന വാക്കുപോലും ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നും റബർ കർഷകരെ പാടെ അവഗണിച്ചെന്നും കർഷകർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന ബജറ്റും റബർ മേഖലയ്ക്ക് നിരാശയായി. 250 രൂപ എന്ന പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാൻ സർക്കാർ തയ്യാറാകണം. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 600 കോടിയുടെ പദ്ധതികൾ നടപ്പിലായില്ലെന്നും കർഷക സംഘടനകൾ പറഞ്ഞു.
നിലവിൽ 182 മുതൽ 184 രൂപ വരെ മാത്രമാണ് ആഭ്യന്തര വിപണിയിൽ റബ്ബർ വില. ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതിനാൽ നിരവധി കർഷകർ ഇതിനോടകം കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. വൻകിട ടയർ കമ്പനികളുടെ ചൂഷണവും സർക്കാരുകളുടെ അവഗണനയും തുടരുന്നതിനിടെ ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലാത്തതും റബർ മേഖലക്ക് തിരിച്ചടിയായി.