ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്ക്; ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ പ്രതി ചേർത്തേക്കും
നേരത്തെ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി ശങ്കർദാസിനെയും പ്രതി ചേർത്തേക്കും. നേരത്തെ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു.
അന്വേഷണം മന്ദഗതിയിലായതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ്എടിക്ക് എതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല എന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പത്മകുമാറിന്റെ അറസ്റ്റിന് ശേഷം തുടർനടപടികളുണ്ടായില്ല. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന വിജയകുമാറിനെയും ശങ്കർദാസിനെയും പ്രതി ചേർക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
ട്രസ്റ്റ് അംഗങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല എന്ന നിലപാടാണ് കോടതി പറഞ്ഞത്. നേരത്തെ ഇവരെ ചോദ്യം ചെയ്തപ്പോൾ പത്മകുമാർ ഒറ്റക്കാണ് എല്ലാ തീരുമാനവും എടുത്തതെന്നും തങ്ങൾക്ക് പങ്കില്ലെന്നുമാണ് ഇവർ പറഞ്ഞത്. കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ എസ്എടി തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അറിയുന്നത്.