ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഉന്നതരിലേക്ക്; എ.പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
പത്മകുമാറിൽ നിന്ന് ഉന്നതരുടെ പങ്കിനെക്കുറിച്ച് വിശദമായ വിവരങ്ങൾ അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകി പ്രത്യേക അന്വേഷണ സംഘം. എൻ.വാസു കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിച്ചു. കോടതിയിൽ ഹാജരാക്കിയപ്പോൾ വാസുവിനെതിരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി.
ശബരിമല സ്വർണക്കൊള്ള കേസിൽ എ.പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. പത്മകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. പത്മകുമാറിൽ നിന്ന് ഉന്നതരുടെ പങ്കിനെക്കുറിച്ച് വിശദമായ വിവരങ്ങൾ അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.
പത്മകുമാറിന്റെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടിൻ്റെയും ഭൂമി വാങ്ങിയതുമുള്ള രേഖകൾ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതും വിശദമായി പരിശോധിച്ചു വരികയാണ്. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയിരിക്കെ നടത്തിയ ഇടപാടുകളുടെ ഭാഗമായി സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
കട്ടളപ്പാളികളെ സ്വർണം പതിച്ച ചെമ്പു പാളികൾ എന്നതിന് പകരം അജണ്ട നോട്ടീസിൽ ചെമ്പ് പാളികളെന്ന് പത്മകുമാർ സ്വന്തം കൈപ്പടയിൽ എഴുതി ചേർത്തതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ദേവസം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ.വാസുവിനെ കോടതിയിൽ ഹാജരാക്കിയത്. വാസുവിന് നേരെ ഇന്നും ബിജെപി പ്രവർത്തകരുടെ പ്രതിഷേധമുണ്ടായി.
എൻ.വാസു സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിന്റെ ജാമ്യ അപേക്ഷയും കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.