സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാതെ കരാർ നേടി; സൺ ഏജ് കമ്പനിക്കെതിരെ ​ഗുരുതര കണ്ടെത്തൽ

കരാർ നേടിയത് പരിശോധിക്കാൻ ശുചിത്വ മിഷൻ കമ്മിറ്റിയെ നിയോ​ഗിച്ചു

Update: 2024-12-29 04:49 GMT

തിരുവനന്തപുരം: തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കരാർ കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തൽ. സ്വന്തമായി മാലിന്യ സംസ്കരണ പ്ലാൻ്റ് ഇല്ലാതെയാണ് സൺ ഏജ് കമ്പനി കരാർ നേടിയത്. മാലിന്യം ശേഖരിച്ചത് മാനദണ്ഡം പാലിക്കാതെയെന്നും കണ്ടെത്തൽ. കരാർ നേടിയത് പരിശോധിക്കാൻ ശുചിത്വ മിഷൻ കമ്മിറ്റിയെ നിയോ​ഗിച്ചു.

ആർസിസി ആശുപത്രി മാലിന്യം തമിഴ്നാട് തിരുനെല്‍വേലിയില്‍ നിക്ഷേപിച്ചതിനെതിരെ ഹരിത ട്രൈബുണല്‍ രംഗത്ത് വന്നതോടെയാണ് കേരളത്തിന് അവിടെയെത്തി മാലിന്യം പൂർണമായും നീക്കേണ്ടി വന്നത്. ഇതിന് പിന്നാലെ മാലിന്യം നീക്കാന്‍ കരാർ നല്‍കിയ കമ്പനിയെ കുറിച്ച് പരിശോധിച്ച് നടപടിയെടുക്കാന്‍ തദ്ദേശ മന്ത്രി എം.ബി രാജേഷ് ശുചിത്വ മിഷന് നിർദേശം നല്‍കി. മാലിന്യ നീക്കത്തിന് കരാർ ലഭിച്ച സണ്‍ ഏജ് കമ്പനിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് പ്രാഥമികാന്വേഷണത്തില്‍ ശുചിത്വ മിഷന് ലഭിച്ചത്.

Advertising
Advertising

ആശുപത്രികളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം വേർതിരിക്കേണ്ട പ്രക്രിയ പോലും സൺ ഏജ് എക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് നടത്തിയില്ല. മാലിന്യ സംസ്കരണ പ്ലാൻ്റ് സ്വന്തമായി ഇല്ലാതെയാണ് കമ്പനി കരാർ എടുത്തത്. ഇത് അടക്കമുള്ള കാര്യങ്ങൾ ശുചിത്വമിഷന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ആർസിസിക്ക് പുറമേ സ്വകാര്യ ആശുപത്രിയുടെയും സ്റ്റാർ ഹോട്ടലിന്റെയും മാലിന്യം സൺ ഏജ് ശേഖരിച്ചിട്ടുണ്ട്. ഇവ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. കമ്പനി മറ്റൊരു ഏജൻസിയെ ഉപകരാർ ഏൽപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവിടെയും പ്രസക്തമായ ഒരു ചോദ്യം നിലനില്‍ക്കുന്നുണ്ട്. മാലിന്യ സംസ്കരണ പ്ലാൻ്റ് സ്വന്തമായി ഇല്ലാത്ത കമ്പനിക്ക് എങ്ങനെയാണ് മാലിന്യം നീക്കം ചെയ്യാനുള്ള കരാർ കിട്ടിയത്. ആരാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചത്. ഇതിനുള്ള ഉത്തരം കണ്ടെത്തണം. ശുചിത്വമിഷൻ നിയോഗിച്ച കമ്മറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടി ഉണ്ടാവുക.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News