കുഴിമന്തി ഉണ്ടാക്കാനല്ലല്ലോ പഴയിടത്തെ വിളിച്ചത്, ജാതി കലര്‍ത്തിയത് ആരാണെന്ന് എല്ലാവർക്കുമറിയാം: ഷാഫി പറമ്പില്‍

"യൂത്ത് കോൺഗ്രസിന്റെ അഭിപ്രായത്തിൽ ജാതിയുടെയോ നവോത്ഥാനത്തിൻറെയോ അടയാളമായിട്ടല്ല പഴയിടത്തിനെ ഭക്ഷണം കൊടുക്കാൻ ഏൽപ്പിച്ചത്. നല്ല ഭക്ഷണം സുരക്ഷിതമായി കൊടുക്കാൻ കഴിയുന്നതുകൊണ്ടാണ്"

Update: 2023-01-08 12:59 GMT

സ്കൂള്‍ കലോത്സവത്തിന് നല്‍കുന്ന ഭക്ഷണത്തിൽ ജാതി കലർത്തിയത് ഖേദകരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. കലോത്സവത്തിന് എന്തു ഭക്ഷണമാണ് കൊടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഭക്ഷണം പാകം ചെയ്യാൻ വേണ്ടി വന്നയാൾക്കു നേരെ ജാതി ഉന്നയിച്ചവരുടെ രാഷ്ടീയം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

"പഴയിടം എത്രയോ വര്‍ഷങ്ങളായി വലിയ പരാതികള്‍ക്ക് ഇടയില്ലാത്ത വിധം സ്കൂള്‍ കലോത്സവത്തിന് കൃത്യമായി ഭക്ഷണം നല്‍കുന്ന ആളാണ്. അദ്ദേഹത്തെ പോലൊരാള്‍ക്ക് ജാതി കലര്‍ത്തിയെന്ന ആശങ്കയുണ്ടാകുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ എവിടെ നിന്നുണ്ടായെന്നാണ് പരിശോധിക്കേണ്ടത്. അശോകന്‍ ചരുവിലിനെ പോലുള്ളവര്‍ ഒരു കലോത്സവത്തിന് കൊടുക്കുന്ന ഭക്ഷണത്തിനെ നവോത്ഥാന പ്രവര്‍ത്തനമായിട്ടും അതിലെ ജാതീയതയുമൊക്കെ കാണാന്‍ ശ്രമിച്ചത് ഖേദകരമാണ്. ഭക്ഷണം എന്തുകൊടുക്കണമെന്ന് തീരുമാനിക്കുന്നത് പഴയിടമല്ലല്ലോ. സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. കൊടുക്കുന്നത് വെജിറ്റേറിയന്‍ ഭക്ഷണമായതുകൊണ്ടും അത് പഴയിടം നന്നായി ചെയ്തിരുന്നതുകൊണ്ടും അദ്ദേഹത്തെ വിളിക്കുന്നു. കുഴിമന്തി ഉണ്ടാക്കാനല്ലല്ലോ സര്‍ക്കാര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. വെജിറ്റേറിയന്‍ ഭക്ഷണം കൊടുക്കാനാണ് വിളിച്ചുവരുത്തിയത്. അത് അദ്ദേഹം ഇത്രകാലം കൊടുത്തുകൊണ്ടിരുന്നു.

Advertising
Advertising

ഇനി മറിച്ച് പ്രായോഗികമായി സുരക്ഷിതമായി കൊടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെങ്കില്‍ അതിനുപറ്റിയ ആളുകളെ സര്‍ക്കാരിനു വിളിക്കാം. അപ്പോഴും വെജിറ്റേറിയന്‍ തെരഞ്ഞെടുക്കുന്ന ആളുകളുണ്ടാവും. അവര്‍ക്കത് കഴിക്കാം. അതവരുടെ ചോയ്സാണ്. യൂത്ത് കോണ്‍ഗ്രസിന്‍റെ അഭിപ്രായത്തില്‍ ജാതിയുടെയോ നവോത്ഥാനത്തിന്‍റെയോ അടയാളമായിട്ടല്ല പഴയിടത്തിനെ ഭക്ഷണം കൊടുക്കാന്‍ ഏല്‍പ്പിച്ചത്. ഞങ്ങള്‍ മനസ്സിലാക്കിയത് നല്ല ഭക്ഷണം സുരക്ഷിതമായി കൊടുക്കാന്‍ കഴിയുന്നതുകൊണ്ടാണെന്നാണ്. ഭക്ഷണത്തില്‍ ജാതി കലര്‍ത്തിയതാരാണ്, അവരുടെ രാഷ്ട്രീയമെന്താണ്, അവരുടെ പ്രൊഫൈലെന്താണ് എന്നൊക്കെ നമുക്ക് എല്ലാവര്‍ക്കുമറിയാം"- ഷാഫി പറമ്പില്‍ 

ഭക്ഷ്യവിഷബാധയേറ്റ് സാധാരണക്കാർ മരിക്കുന്ന സംഭവത്തില്‍ സർക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. മന്ത്രിമാരും വകുപ്പുകളും തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News