'വാങ്ങിച്ചിട്ടുണ്ടെങ്കിൽ വാപ്പി കൊടുത്തിരിക്കും'; 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ബാദുഷയുടെ മകൾ
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തന്റെ ചിത്രമായ റേച്ചലിന്റെ റിലീസിന് ശേഷം പറയാനുള്ളതെല്ലാം പറയാമെന്ന് എൻ.എം ബാദുഷ നേരത്തെ വ്യക്തമാക്കിയിരുന്നു
കൊച്ചി: നടൻ ഹരീഷ് കണാരനിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ പ്രതികരിച്ച് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയുടെ മകൾ. ആരോപണത്തെ തുടർന്ന് തന്റെയും അമ്മയുടെ സമൂഹമാധ്യമ പേജുകളിൽ മോശം കമന്റിടുന്നവർക്ക് മറുപടിയുമായാണ് ബാദുഷയുടെ മകൾ ഷിഫ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബാദുഷ കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുകൊടുക്കും. സിനിമയിൽ റോളിങ് നടക്കുന്നുണ്ടെന്ന് അറിയാം. ആരോപണത്തെക്കുറിച്ച് വാപ്പിയോട് സംസാരിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് വാപ്പി തന്നോട് പറഞ്ഞിട്ടുണ്ട്. അത് വാപ്പി തന്നെ തുറന്നു പറയും. ആരോപണത്തിന്റെ പേരിൽ തന്റെ ഇൻസ്റ്റാ പേജിൽ തെറിവിളിച്ചിട്ട് കാര്യമില്ല. അത് തന്നെയോ കുടുംബത്തെയോ ബാധിക്കില്ലെന്നും ഷിഫ പറഞ്ഞു.
''വാപ്പിയോട് ഞാൻ ചോദിച്ചു എന്താണ് പ്രശ്‌നമെന്ന്, വീട്ടിലെ കാര്യം അറിഞ്ഞ് വളരണമെന്നാണ് വാപ്പി പറയാറ്. വാപ്പിയായിട്ട് അത് പൊതുജനത്തോട് പറയും. വാപ്പി കള്ളനാണെന്ന് പറഞ്ഞ് എന്റെ അടുത്ത് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ല, ഒരു വശം മാത്രം കേട്ടിട്ടാണ് സൈബർ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ ബാദുഷ് കൊടുത്തിരിക്കും. വാപ്പിയുടെ മകൾ ആയതിൽ എനിക്ക് അഭിമാനമേയുള്ളൂ. എന്നാൽ പ്രൊഡ്യൂസർ ബാദുഷയുടെ മോളെന്ന് അറിയപ്പെടാൻ എനിക്ക് ആഗ്രഹമില്ല. വാപ്പിയുടെ പേര് പറഞ്ഞ് എന്റെ കമന്റ് ബോക്‌സിൽ തുള്ളരുത്''- ഷിഫ വ്യക്തമാക്കി.
ഹരീഷ് കണാരന്റെ ആരോപണത്തിൽ പ്രതികരണവുമായി എൻ.എം ബാദുഷ നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തന്റെ ചിത്രമായ റേച്ചലിന്റെ റിലീസിന് ശേഷം പറയാനുള്ളതെല്ലാം പറയാം എന്നാണ് ബാദുഷ പറഞ്ഞത്. ഒരാഴ്ചത്തെ അവധിയിൽ കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകുന്നില്ലെന്നാണ് ഹരീഷിന്റെ പരാതി. നാല് വർഷമായി ബാദുഷ ഒഴിഞ്ഞുമാറുകയാണെന്നും തനിക്ക് വന്ന സിനിമകൾ ബാദുഷ മുടക്കിയെന്നും ഹരീഷ് ആരോപിച്ചിരുന്നു.