ലക്ഷദ്വീപിൽ ഇരുട്ടടിയായി കപ്പൽ യാത്രാനിരക്ക്; കൊച്ചി - ലക്ഷദ്വീപ് നിരക്ക് 40 ശതമാനത്തിലധികം കൂട്ടി
പെരുന്നാൾ അവധിക്കാലത്ത് നിരക്ക് വർധന തിരിച്ചടിയായി
കൊച്ചി:ലക്ഷദ്വീപിൽ കപ്പൽ യാത്രാനിരക്ക് കുത്തനെ കൂട്ടി. കൊച്ചി- ലക്ഷദ്വീപ് റൂട്ടിൽ 40 ശതമാനത്തിലധികമാണ് കൂട്ടിയത്.വിവിധ ദ്വീപുകൾക്കിടയിലും കപ്പൽ നിരക്ക് കൂട്ടിയിട്ടുണ്ട്.
പെരുന്നാൾ അവധിക്കാലത്ത് നിരക്ക് വർധന തിരിച്ചടിയായി. നിരക്ക് വർധന തന്നോട് ചർച്ച ചെയ്തില്ലെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പറഞ്ഞു. അനീതിയും അന്യായവുമായ ഉത്തരവാണിതെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഏതടിസ്ഥാനത്തിലാണ് ഇത്രയും നിരക്ക് കൂട്ടിയതെന്നും എം.പി ചോദിക്കുന്നു.
കൊച്ചിയിൽ നിന്ന് കവരത്തിലേക്ക് 330 രൂപയായിരുന്നു ബങ്ക് സീറ്റിന്റെ നിരക്ക്.ഇപ്പോഴത് 470 രൂപയാക്കി വർധിപ്പിച്ചു.ആന്ത്രോത്ത് ദ്വീപിലേക്ക് ബങ്ക് ക്ലാസ് ടിക്കറ്റ് 260 രൂപയായിരുന്നത് 370 രൂപയാക്കി. ഇതേ റൂട്ടില്‍ സെക്കൻഡ് ക്ലാസ് ടിക്കറ്റിന് 940 രൂപയിൽനിന്ന് 1320 രൂപയായും ഫസ്റ്റ്ക്ലാസ് ടിക്കറ്റ് നിരക്ക് 2570 രൂപയിൽനിന്ന് 3600 രൂപയായും വര്‍ധിപ്പിച്ചു.