സിദ്ധാർഥന്‍റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ; പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

നേരത്തെ, മുഖ്യപ്രതി സിൻജോ ജോൺസൻ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നു പിടിയിലായിരുന്നു

Update: 2024-03-02 13:06 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. 18 പേരിൽ പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ടു പേര്‍ കസ്റ്റഡിയിലാണ്. നേരത്തെ, മുഖ്യപ്രതി സിൻജോ ജോൺസൻ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നു പിടിയിലായിരുന്നു. 

സിന്‍ജോയ്ക്ക് പുറമേ പത്തനംതിട്ട അടൂര്‍ സ്വദേശി ജെ.അജയ്, കൊല്ലം പരവൂര്‍ സ്വദേശി എ.അല്‍ത്താഫ്, കൊല്ലം കിഴക്കുംഭാഗം സ്വദേശി ആര്‍.എസ്. കാശിനാഥൻ, മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ തുടങ്ങിയവരാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, കോളേജ് യൂണിയന്‍ പ്രസിഡന്‍റ് അരുണ്‍ തുടങ്ങിയവര്‍ കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു.

ഇരവിപുരം സ്വദേശിയായ അൽത്താഫിനെ കൊല്ലത്തെ ബന്ധുവീട്ടിൽനിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കാശിനാഥൻ കൽപറ്റയിൽ കീഴടങ്ങുകയായിരുന്നു. ഇന്നു പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് കൊല്ലം ഓടനാവട്ടം സ്വദേശിയായ സിൻജോ അന്വേഷണസംഘത്തിന്റെ പിടിയിലായത്. സിദ്ധാർഥനെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ ഉൾപ്പെടെ ആരോപിച്ചിരുന്നു.

പ്രതികൾക്കെതിരെ എന്തൊക്കെ വകുപ്പുകൾ ചുമത്തുന്നു എന്നറിഞ്ഞശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. ആദ്യഘട്ടത്തിൽ കേസിന്റെ അന്വേഷണം പൊലീസ് ഗൗരവത്തിൽ എടുക്കാതിരുന്നത് വീഴ്ചയാണെന്ന് സിദ്ധാര്‍ഥന്‍റെ പിതാവ് പറഞ്ഞു.

കേസിൽ സിൻജോ, കാശിനാഥൻ എന്നിവർക്കു പുറമെ സൗദ് റിസാൽ, അജയ്കുമാർ എന്നിവർക്കെതിരെയും പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു.  കേസിൽ ഉൾപ്പെട്ട 31 വിദ്യാർഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ഉൾപ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് - കെ.എസ്.യു - യൂത്ത് ലീഗ് പ്രവർത്തർ മാർച്ച് നടത്തി. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News