'വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കണം'; സിദ്ധാർഥന്റെ മരണത്തിൽ വി.സിക്ക് ഗവർണറുടെ നിർദേശം

വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചതിൽ റിപ്പോർട്ടും ഗവർണർ ആവശ്യപ്പെട്ടു

Update: 2024-03-25 07:57 GMT
Advertising

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ വൈസ് ചാൻസലർ തിരിച്ചെടുത്ത നടപടി റദ്ദാക്കാൻ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചു. വൈസ് ചാൻസിലർ ഡോ. പി.സി ശശീന്ദ്രനാണ് ഗവർണർ നിർദ്ദേശം നൽകിയത്. വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചതിൽ റിപ്പോർട്ടും ഗവർണർ ആവശ്യപ്പെട്ടു.

സിദ്ധാർഥന്റെ മരണത്തിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെയാണ് വൈസ് ചാൻസലർ തിരിച്ചെടുത്തത്. ക്രൂര മർദനത്തിലും ആൾക്കൂട്ട വിചാരണയിലും കോളജ് അധികൃതർ വിദ്യാർഥികൾക്ക് എതിരെയെടുത്ത നടപടി വി.സി ഡോ. പി.സി ശശീന്ദ്രൻ റദ്ദാക്കുകയായിരുന്നു. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സർവകലാശാലയുടെ ലോ ഓഫിസറിൽനിന്നു നിയമോപദേശം തേടിയ ശേഷമേ ആൻറി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ.

സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാർഥന്റെ അച്ഛൻ ടി. ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവർണർക്ക് പരാതി നൽകും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവിൽ സിദ്ധാർഥൻ സ്വയം മുറിവേൽപ്പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നിൽക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറുയിൽ ആത്മഹത്യ ചെയ്ത നിലയിൽ സിദ്ധാർഥന്റെ മൃതദേഹം കണ്ടെത്തുന്നത്. സിദ്ധാർഥനെതിരെ നടന്നത് പരസ്യവിചാരണയാണെന്ന ആൻറി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. 18 പേർ പലയിടങ്ങളിൽ വെച്ച് സിദ്ധാർഥനെ മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേസന്വേഷണം സി.ബി.ഐക്ക് വിട്ടിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News