എസ്ഐആർ മാപ്പിങ്ങിൽ നിന്ന് പുറത്തായവര്‍ ഹാജരാക്കേണ്ടത് പൗരത്വ രേഖകൾ; തെര.കമ്മീഷന്‍ നിര്‍ദേശങ്ങളിങ്ങനെ
ബിഎല്‍ഒമാര്‍ക്കാണ് കമ്മീഷൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്
പാലക്കാട്: എസ്ഐആറിലെ 2002ലെ വോട്ടർ പട്ടികയുമായി നടത്തിയ മാപ്പിങ്ങിൽ പുറത്താക്കപ്പെട്ടവർ ഹാജരാക്കേണ്ടത് പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള രേഖകൾ. വോട്ടറുടെയും മാതാപിതാക്കളുടെയും ജനന സ്ഥലവും ജനന തീയതിയും ഇവർ തെളിയിക്കണം. വിദേശത്ത് ജനിച്ചവർ ഇന്ത്യൻ മിഷൻ നൽകുന്ന ജനന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകണം. ഇന്ത്യൻ പൗരത്വ നിയമ പ്രകാരമുള്ള രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത്.
2002 ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്ത 19 ലക്ഷം പേരാണ് ഹിയറിങ്ങിന് ഹാജറാകേണ്ടി വരുന്നത്. പൗരത്വ ഭേദഗതി നിയമത്തിലെ തീയതികൾ പ്രകാരം വോട്ടറുടെ പ്രായം അടസ്ഥാനമാക്കി വ്യത്യസ്ത രേഖകളാണ് ഹാജരാക്കേണ്ടി വരുക.
2002ലെ വോട്ടർ പട്ടികയിൽ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ പേരുള്ളവർക്ക് മാത്രമാണ് നിലവിൽ വിജയകരമായി എസ് ഐ ആർ എന്ന കടമ്പ കടക്കാനായത്. അവശേഷിക്കുന്നവരെല്ലാം ഇനി തിരിച്ചറിയൽ രേഖ ഹാജരാക്കി സ്വയം യോഗ്യത തെളിയിക്കണം. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിരിക്കുന്നത് പൗരത്വത്തിന് മാനദണ്ഡമാക്കുന്ന രേഖകൾ തന്നെ. മൂന്ന് വിഭാഗമായാണ് പൗരത്വ രേഖകളെ തരം തിരിച്ചിരിക്കുന്നത്.
1987 ജൂലൈ ഒന്നിന് മുൻപ് ഇന്ത്യയിൽ ജനിച്ചവർ. ഇവർ സ്വന്തം ജനന തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ മാത്രം ഹാജരാക്കിയാൽ മതി. ഇതിന് ശേഷം 2004 ഡിസംബർ 2 വരെ ജനിച്ചവർ സ്വന്തം ജനന രേഖയും ഒപ്പം, മാതാപിതാക്കളിൽ ആരുടെയെങ്കിലും ഒരാളുടെ ജനന രേഖയും ഹാജരാക്കണം.
2004 ഡിസംബർ രണ്ടിന് പൗരത്വ നിയമത്തിൽ വീണ്ടും ഭേദഗതി വരുത്തി. ഇതനുസരിച്ച് വോട്ടറുടെ ജനന രേഖയും അച്ഛന്‍റെയും അമ്മയുടെയും ജനന രേഖകളും എസ് ഐ ആറിൽ ഹാജരാക്കണം. ഹിയറിങ് നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായി വിളിച്ച ഇ ആർ ഒ അഥവാ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ യോഗത്തിലാണ് ഹാജരാക്കേണ്ട രേഖകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തത വരുത്തിയത്. ഈ മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയ കുറിപ്പും ഹിയറിങ് നോട്ടീസിനൊപ്പം വോട്ടർക്ക് നൽകും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ 13 രേഖകളുടെ പട്ടികയിൽ എസ്എസ്എല്‍സി സർട്ടിഫിക്കറ്റ് ജനന സർട്ടിഫിക്കറ്റ് എന്നിവയിലാണ് ജനന സ്ഥലം രേഖപെടുത്തിയിരുക്കുന്നത് . ഇതിൽ ഒന്ന് ഇല്ലാത്തവർ പ്രതിസന്ധിയിലാകും.