കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെ; സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് മൊബൈലിലെന്ന് നിഗമനം

2019ല്‍ വ്യാജ എഫ്ബി പേജ് നിര്‍മിച്ചതായും ജിതിനെതിരെ ആരോപണമുണ്ട്

Update: 2026-06-21 02:33 GMT

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്ന നിഗമനത്തില്‍ എസ്‌ഐടി. ജിതിന്‍ ഭാസ്‌കരന്‍ തന്റെ മൊബൈല്‍ ഫോണിലാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നാണ് പൊലീസിന്റെ അനുമാനം.

സ്റ്റേറ്റ് ഫോറന്‍സിക് ലാബില്‍ നിന്ന് മൊബൈലിലെ വിവരങ്ങള്‍ റിട്രൈവ് ചെയ്യാന്‍ കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവ് ലഭിക്കുമെന്ന് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

2018 മുതല്‍ സിപിഎമ്മിന്റെ സൈബര്‍ പോരാളിയായ ജിതിന് ഇത്തരം നിര്‍മിതികള്‍ക്ക് സാങ്കേതിക പരിജ്ഞാനമുണ്ടെന്നും എസ്‌ഐടി പറയുന്നു. 2019ല്‍ വ്യാജ എഫ്ബി പേജ് നിര്‍മിച്ചതായും ജിതിനെതിരെ ആരോപണമുണ്ട്.

Advertising
Advertising

അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരെ പ്രതിചേര്‍ക്കാനും സാധ്യതയുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്ന ജിതിന്‍ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകര മണ്ഡലത്തില്‍ വലിയ തോതില്‍ സാമുദായിക ധ്രുവീകരണത്തിനും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ച സംഭവമാണ് 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് കേസ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ ശൈലജയെ 'കാഫിര്‍' എന്ന് വിശേഷിപ്പിച്ചു കൊണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുമുള്ള ഒരു വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് അന്ന് വ്യാപകമായി പ്രചരിച്ചത്.

എംഎസ്എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് കാസിമിന്റെ പേരിലുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നുള്ള സന്ദേശം എന്ന വ്യാജേനയാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താന്‍ അത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്നും തന്റെ പേരില്‍ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും കാണിച്ച് മുഹമ്മദ് കാസിം പൊലീസിനെ സമീപിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്ന് കേസില്‍ ഹൈക്കോടതി ഇടപെടുകയും കാസിമിന് പ്രസ്തുത സ്‌ക്രീന്‍ഷോട്ടുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News