കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തെ ഭീകരവത്കരിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് സോളിഡാരിറ്റി. മലപ്പുറത്തെയും കാസര്‍കോട്ടെയും ജില്ലാ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പേരുകള്‍ നോക്കി വര്‍ഗീയത അളക്കുന്ന പ്രസ്താവന നാക്കുപിഴയല്ലെന്നും സിപിഎമ്മിന്റെ ഉള്ളിലെ തീവ്രമായ മുസ്ലിം വിരുദ്ധതയാണ് പുറത്തുവരുന്നതെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഫേസ്ബുക്കില്‍ കുറിച്ചു.
മുസ്‌ലിംകളെ ക്രിസ്ത്യാനികള്‍ക്ക് ഭയമാണ് എന്ന പച്ചയായ വംശീയ അധിക്ഷേപം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ നട്ടെല്ലില്ലാത്ത ഒരു സര്‍ക്കാരിന്റെ പ്രതിനിധിയാണ് ഇപ്പോള്‍ അതേ വംശീയ വിഷം മലപ്പുറത്തിന് നേരെ നീട്ടുന്നത്. ഇത് വികസനത്തെ കുറിച്ചുള്ള ആകുലതകളല്ല, മറിച്ച് സംഘ്പരിവാര്‍ പടച്ചുവിടുന്ന അതേ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതിപ്പാണ്. വോട്ടുബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയതയുടെ വിത്തുപാകുന്ന ഈ മതേതര മുഖംമൂടിയണിഞ്ഞവരെ കേരളം തിരിച്ചറിയുക തന്നെ ചെയ്യും. തൗഫീഖ് മമ്പാട് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
മലപ്പുറത്തെയും കാസര്‍കോട്ടെയും ജില്ലാ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പേരുകള്‍ നോക്കി വര്‍ഗീയത അളക്കുന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേവലം ഒരു നാക്കുപിഴയല്ല. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ ജയിച്ചുവരുന്നത് കേരളത്തിന് നല്ലതാണോ എന്ന് ചോദിക്കുന്നതിലൂടെ സി.പി.എമ്മിന്റെ ഉള്ളിലെ തീവ്രമായ മുസ്ലിം വിരുദ്ധതയാണ് പുറത്തുവരുന്നത്.
പേര് നോക്കി വര്‍ഗീയത നിശ്ചയിക്കുന്ന മന്ത്രിയോട് ലളിതമായ ചില ചോദ്യങ്ങളുണ്ട്. ഇതേ 'പേര് പരിശോധന' തിരുവനന്തപുരത്തോ കൊല്ലത്തോ കോട്ടയത്തോ ഇടുക്കിയിലോ നടത്താന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ? കേരളത്തിലുടനീളം സി.പി.എമ്മും സി.പി.ഐയും മത്സരിപ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയിലെ സാമുദായിക പ്രാതിനിധ്യം ഒന്ന് പുറത്തുവിടാന്‍ തയ്യാറുണ്ടോ? മറ്റ് ജില്ലകളില്‍ കാണാത്ത ഏത് 'പ്രാതിനിധ്യ പ്രശ്‌നമാണ്' മുസ്ലിം നാമധാരികളെ കാണുമ്പോള്‍ മാത്രം താങ്കള്‍ക്ക് അനുഭവപ്പെടുന്നത്?
മുസ്ലിം ലീഗിനോടും മുസ്ലിം ഐഡന്റിറ്റിയുള്ള രാഷ്ട്രീയത്തോടും ഈ 'ഹിന്ദുത്വ സിപിഎം 'ന് ഇത്രയേറെ വെറുപ്പ് തോന്നുന്നത് എന്ത് കൊണ്ടാണ്? മലപ്പുറത്ത് സി.പി.എം മുസ്ലിം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമ്പോള്‍ തോന്നാത്ത എന്ത് ആശങ്കയാണ് ഇപ്പോള്‍ ജനവിധി വന്നപ്പോള്‍ ഉണ്ടാകുന്നത്? ഇന്ത്യയിലാകട്ടെ കേരളത്തിലാകട്ടെ, മുസ്ലിം ജനവിഭാഗത്തിന് ജനസംഖ്യാ ആനുപാതികമായ പ്രാതിനിധ്യം ഇന്നും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതല്ലേ യാഥാര്‍ത്ഥ്യം? താങ്കള്‍ ഇരിക്കുന്ന ഈ മന്ത്രിസഭയില്‍ പോലും ആ സമുദായത്തിന് എത്രത്തോളം അര്‍ഹമായ ഇടം നല്‍കിയിട്ടുണ്ട് എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
'മുസ്ലിങ്ങളെ ക്രിസ്ത്യാനികള്‍ക്ക് ഭയമാണ്' എന്ന പച്ചയായ വംശീയ അധിക്ഷേപം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ നട്ടെല്ലില്ലാത്ത ഒരു സര്‍ക്കാരിന്റെ പ്രതിനിധിയാണ് ഇപ്പോള്‍ അതേ വംശീയ വിഷം മലപ്പുറത്തിന് നേരെ ചീറ്റുന്നത്. ഇത് വികസനത്തെക്കുറിച്ചുള്ള ആകുലതയല്ല, മറിച്ച് സംഘ്പരിവാര്‍ പടച്ചുവിടുന്ന അതേ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതിപ്പാണ്. ഒരു ജനതയെ ഒന്നടങ്കം അപരവല്‍ക്കരിക്കാനും ഭീതിയുടെ നിഴലില്‍ നിര്‍ത്താനും ശ്രമിക്കുന്ന ഇത്തരം നീക്കങ്ങള്‍ കേരളത്തിന്റെ ജനാധിപത്യ ബോധ്യത്തിന് നേരെ നടത്തുന്ന വെല്ലുവിളിയാണ്.
വോട്ടുബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയതയുടെ വിത്തുപാകുന്ന ഈ 'മതേതര മുഖംമൂടി'യണിഞ്ഞവരെ കേരളം തിരിച്ചറിയുക തന്നെ ചെയ്യും.
ഭരണകൂടത്തിന്റെ തണലില്‍ വംശീയത വില്‍ക്കുന്ന ഈ സംഘത്തെ കരുതിയിരിക്കുക. അപരവല്‍ക്കരണത്തിന്റെ രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ ഈ നാട് തയ്യാറല്ല. പ്രതിഷേധം ഇരമ്പുക തന്നെ ചെയ്യും.
- തൗഫീഖ് മമ്പാട്
Full View