ബ്രഹ്മപുരം തീപിടിത്തം: പൂര്‍ണ ഉത്തരവാദിത്തം സോണ്ട കമ്പനിക്ക്

ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അതും കരാര്‍ കമ്പനി വഹിക്കണം.

Update: 2023-03-16 00:42 GMT

കൊച്ചി: ബ്രഹ്മപുരം പ്ലാന്‍റില്‍ തീപിടിത്തമുണ്ടായാല്‍ പരിപൂര്‍ണ ഉത്തരവാദിത്തം സോണ്ട കമ്പനിക്ക്. ഇക്കാര്യം കരാറില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോര്‍പറേഷനെ പഴിചാരി സോണ്ട കമ്പനി രംഗത്തുവരുമ്പോഴും കരാര്‍ വ്യവസ്ഥയെ കുറിച്ച് മൗനം പാലിക്കുകയാണ്. എന്നാല്‍ ഇക്കാര്യം തുറന്നു പറയാന്‍ ആരോപണ ശരങ്ങളേറ്റുവാങ്ങുന്ന മേയര്‍ എം. അനില്‍കുമാര്‍ പോലും തയ്യാറല്ല.

ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രത്തില്‍ ബയോ മൈനിങ് നടത്താന്‍ സോണ്ട ഇന്‍ഫ്രാടെകും കൊച്ചി കോര്‍പറേഷനും തമ്മില്‍ ഒപ്പുവച്ച കരാറാണിത്. 54.9 കോടിയുടെ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന് മാലിന്യകേന്ദ്രത്തിലെ തീപിടിത്തം സംബന്ധിച്ചാണ്.

Advertising
Advertising

ഏതു കാരണം കൊണ്ട് തീപിടിത്തമുണ്ടായാലും ഉത്തരവാദി സോണ്ട കമ്പനി ആയിരിക്കുമെന്നാണ് ക്ലോസ് 34 സംശയലേശമന്യേ വിശദീകരിക്കുന്നത്. മാലിന്യം സംഭരിച്ച സ്ഥലത്തോ അതിന് പുറത്തോ തീപിടുത്തമുണ്ടായാല്‍ ചുമതലയുള്ള കോര്‍പറേഷന്‍ എഞ്ചിനീയര്‍ പരിശോധന നടത്തി നഷ്ടം കണക്കാക്കണം.

എഞ്ചിനീയര്‍ തയ്യാറാക്കുന്ന നഷ്ടത്തിന്റെ കണക്ക് അന്തിമമാണെന്നും ഇത് നല്‍കാന്‍ കരാര്‍ കമ്പനി ബാധ്യസ്ഥമാണെന്നും ക്ലോസ് വിശദീകരിക്കുന്നു. പരിക്കേറ്റവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അതും കരാര്‍ കമ്പനി വഹിക്കണം. തീപിടിത്തമുണ്ടാകാതെ നോക്കാന്‍ സോണ്ട ഇന്‍ഫ്രാടെകിന് പൂര്‍ണ ഉത്തരവാദിത്തം നല്‍കിയുള്ള കരാര്‍ തന്നെയാണ് കമ്പനിക്ക് കുരുക്കാകാന്‍ പോകുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News