'വെള്ളാപ്പള്ളി കാലാവധി കഴിഞ്ഞ നേതാവ്, ഈഴവ സമുദായത്തിന് നാണക്കേടും അപമാനവും'; കൊടുങ്ങല്ലൂര്‍ ശ്രീനാരായണദര്‍ശന വേദി

നടേശന്‍ എന്ന യോഗം നേതാവ് ഈഴവ സമുദായത്തിന്റെ അന്തകനായി മാറാതെയിരിക്കണമെങ്കില്‍ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ മുറുകെ പിടിക്കുന്ന സമൂഹം കെട്ടിപ്പടുക്കണം

Update: 2026-01-03 02:29 GMT

തൃശൂര്‍: വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കൊടുങ്ങല്ലൂര്‍ ശ്രീനാരായണദര്‍ശന വേദി രംഗത്ത്. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ മുന്‍ നിര്‍ത്തി മുന്നോട്ടു പോകുന്ന ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്റെ നിലവിലെ നേതാവ് വെള്ളാപ്പള്ളി നടേശന്‍ പരമതനിന്ദയിലൂടെയും വിദ്വേഷ പ്രസ്താവനകളിലൂടെയും ഈഴവ സമുദായത്തിന് നാണക്കേടും അപമാനവും വരുത്തിവച്ചിരിക്കുകയാണെന്ന് ശ്രീനാരായണദര്‍ശന വേദി ചൂണ്ടിക്കാട്ടി.

സംഘടനയുടെ നേതൃത്വത്തില്‍ ഇരുന്നിരുന്ന കാലത്തൊന്നും സമുദായത്തിന്റെ മുന്നോട്ടുപോക്കിന് ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാത്ത വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ സ്വത്വബോധത്തെ പോലും പണയം വെച്ച് ഹിന്ദുത്വ വംശീയതയ്ക്ക് വിടുപണി ചെയ്തു കൊണ്ടിരിക്കുകയാണ്. ഈഴവ സമുദായത്തിന്റെ നിലനില്‍പ്പിനെയും ഭാവിയെയും ബാധിക്കുന്ന സവര്‍ണ്ണസംവരണം കേരളത്തില്‍ നടപ്പിലാക്കിയിട്ട് 5 വര്‍ഷമായി. അതിനെതിരേ ഒരു ചെറു ശബ്ദം പോലുമുയര്‍ത്താന്‍ വെള്ളാപ്പള്ളിക്കോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനക്കോ ആയിട്ടില്ല. അത്തരമൊരു ഇടപെടല്‍ നാം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?

Advertising
Advertising

നടേശന്‍ ഉള്‍പ്പെടുന്ന സമുദായമായ ഈഴവര്‍ക്കും മറ്റിതര ദലിത് പിന്നാക്ക സമുദായങ്ങളിലെ വരും തലമുറയ്ക്കും വേണ്ടിയാണ് മുസ്‍ലിം ലീഗ് സവര്‍ണ സംവരണത്തിനെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തതെന്നെങ്കിലും നാം ഓര്‍ക്കണം. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ നിശ്ശബ്ദത പാലിച്ചപ്പോഴാണ് ലീഗ് ഇത്തരമൊരു നിലപാടെടുത്തത്.

നടേശനെ കാറില്‍ കയറ്റി കൊണ്ട് പോകുന്ന, സവര്‍ണ സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിക്ക് നാക്കെടുത്താല്‍ മുസ്‍ലിം വിരുദ്ധത മാത്രം പറയുന്ന നടേശനെ പ്രിയമായിരിക്കാം. വിദ്വേഷപ്രസ്താവനകളിലൂടെയും വിദ്വേഷപ്രസംഗങ്ങളിലൂടെയും ഓരോ ദിവസവും അദ്ദേഹം പുറത്തുവിടുന്ന വിഷമാലിന്യം കേരളം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷവും മനസിലാക്കണം.

ഈഴവരാദി ദലിത് പിന്നോക്ക മുസ്‍ലിം ജനതയെ ബാധിക്കുന്ന സവര്‍ണ സംവരണത്തിനെതിരേ പ്രതിഷേധിച്ചതുകൊണ്ട് മര്‍ദ്ദനം ഏറ്റു വാങ്ങേണ്ടിവന്നവരാണ് കൊടുങ്ങലൂര്‍ ശ്രീനാരായണ ദര്‍ശനവേദി പ്രവര്‍ത്തകര്‍. എന്നാല്‍ നടേശന്‍ നയിക്കുന്ന യോഗത്തിന്റെ ഒരു നേതാവിനും ഇത്തരമൊരു പ്രതിഷേധം നടത്താന്‍ സാധിച്ചില്ല. ഗുരുവായൂര്‍-കൂടല്‍മാണിക്യം ക്ഷേത്രത്തിലെ അധികാരികള്‍ ജാതിവിവേചനം കാണിച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധിക്കാന്‍ നടേശന്റെ ഒരു അനുയായിയും തയ്യാറായില്ല. കൊടുങ്ങല്ലൂര്‍ ശ്രീനാരായണ ദര്‍ശന വേദിയുടെ പ്രവര്‍ത്തകര്‍ ഇതിനെതിരെ ദേവസ്വം ബോര്‍ഡ് ഓഫീസറെ ഘരാവോചെയ്തു. അതിന്റെ പേരില്‍ കേസുമുണ്ട്.

കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ തൊഴില്‍ കിട്ടിയെത്തിയ ഈഴവനായ ബാലുവിന് ജാതീയമായ വിവേചനം നേരിട്ടപ്പോള്‍ ഇരിങ്ങാലക്കുട എസ്എന്‍ഡിപി യൂണിയന്‍ ഒരു പത്രപ്രസ്താവന പോലും ഇറക്കിയില്ല. എന്നാല്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണ ദര്‍ശന വേദി പ്രവര്‍ത്തകര്‍ ആ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയെന്ന് അഭിമാനത്തോടെത്തന്നെ പറയട്ടെ. അതിനുശേഷമാണ് എസ്എന്‍ഡിപിക്കാര്‍ ഒരു ജാഥ പോലും പ്രഖ്യാപിച്ചത്. അതിന്റെ കാരണം എന്താണെന്ന് തൃശൂര്‍കാര്‍ക്ക് അറിയാം.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യപരമ്പരയില്‍പ്പെടുന്നതും ശിവഗിരി മഠത്തിന്റെ അധ്യക്ഷനുമായ സച്ചിദാനന്ദ സ്വാമികള്‍, ശ്രീനാരായണ ക്ഷേത്രങ്ങളിലെങ്കിലും പുരുഷന്മാരെ മേല്‍വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞപ്പോള്‍ പലരും അദ്ദേഹത്തെ അധിക്ഷേപിച്ചു. അതിനെതിരേ പ്രതിഷേധിച്ചതും സുകുമാരന്‍നായരുടെ കോലം കത്തിച്ചതും ദര്‍ശനവേദിയാണ്.

സവര്‍ണ ഹിന്ദുത്വക്ക് എതിരേയുള്ള പോരാട്ടങ്ങളില്‍ ഈഴവരാദി ദലിത് പിന്നോക്ക മുസ്‍ലിം ജനതയ്ക്കു വേണ്ടി നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ മുന്‍ നിര്‍ത്തി ശ്രീനാരായണ ദർശന വേദി ഇനിയും സമര മുഖങ്ങളില്‍ ഉണ്ടാകും. നടേശന്‍ എന്ന യോഗം നേതാവ് ഈഴവ സമുദായത്തിന്റെ അന്തകനായി മാറാതെയിരിക്കണമെങ്കില്‍ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ മുറുകെ പിടിക്കുന്ന സമൂഹം കെട്ടിപ്പടുക്കണം. ആ കടമ ഈഴവ സമുദായം ഏറ്റെടുക്കണം. ആത്മാഭിമാനം ഉള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണം എന്നും സമുദായദ്രോഹിയായ ഈ മനുഷ്യനെ തുറന്നുകാട്ടുകയും വേണമെന്നും ശ്രീനാരായണദര്‍ശന വേദി ആവശ്യപ്പെട്ടു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News