ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച വിദൂര വിദ്യാഭ്യാസ കോഴ്സുകൾ മറ്റ് സർവകലാശാലകൾ നടത്തരുത്: ഹൈക്കോടതി
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മാത്രം വിദൂര വിദ്യാഭ്യാസം അനുവദിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് വിധി
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യുജിസി അനുവദിച്ച വിദൂര വിദ്യാഭ്യാസ കോഴ്സുകൾ കേരളത്തിലെ മറ്റ് സർവകലാശാലകൾ നടത്താൻ പാടില്ലെന്ന് ഹൈക്കോടതി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മാത്രം വിദൂര വിദ്യാഭ്യാസം അനുവദിക്കുന്നതിനെതിരെ ഒരു കൂട്ടം വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ ജനുവരി 10നാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. ഓപ്പൺ സർവകലാശാലക്ക് അനുവദിച്ച കോഴ്സുകൾ ഒഴികെയുള്ള കോഴ്സുകൾ മാത്രമേ മറ്റ് സർവകലാശാലകൾക്ക് നടത്താൻ പാടുള്ളു എന്ന് വിധിയിൽ പറയുന്നു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആക്ടിലെ 72ആം വകുപ്പ് പ്രകാരം കേരളത്തിലെ വിദൂര വിദ്യാഭ്യാസം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി മാത്രമാണ് നടത്തേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ എസ്.ജി.ഒ.യു നടത്തുന്ന കോഴ്സുകൾ മറ്റ് യൂണിവേഴ്സിറ്റികൾ നടത്തരുതെന്ന് ഗവണ്മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്.
ഓപ്പൺ യൂണിവേഴ്സിറ്റിക്ക് യുജിസി അഞ്ച് യുജി പ്രോഗ്രാമുകൾക്കും രണ്ട് പിജി പ്രോഗ്രാമുകൾക്കും ആണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയത്. 2022-23 മുതൽ അഞ്ച് വർഷത്തേക്കാണ് അനുമതി. ബി എ ഇംഗ്ലീഷ്, മലയാളം ഹിന്ദി, അറബിക്, സംസ്‌കൃതം, എംഎ ഇംഗ്ലീഷ്, മലയാളം എന്നിവയാണ് ഓപ്പൺ സർവകലാശാല ആദ്യ ഘട്ടത്തിൽ തുടങ്ങിയത്. ഈ കോഴ്സുകളിലേക്ക് 5700 - ഓളം വിദ്യാർഥികൾ ചേരുകയും ഡിസംബർ 24ന് കൗൺസിലിങ് സെഷനുകൾ വിവിധ പഠന കേന്ദ്രങ്ങളിൽ ആരംഭിക്കുകയും ചെയ്തു.
യുജി പ്രോഗ്രാമുകളായ ബി.എ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി ഫിലോസഫി, ബികോം, ബിസിഎ, ബിസിനസ് സ്റ്റഡീസ്, പിജി പ്രോഗ്രാമുകളായ എംഎ ഹിസ്റ്ററി, സോഷ്യോളജി, എം.കോം മുതലായ പ്രോഗ്രാമുകൾക്കുള്ള യുജിസി അനുമതി ഓപ്പൺ യൂണിവേഴ്സിക്ക് ഈ മാസം ലഭിച്ചേക്കും.