മനഃപൂർവമുള്ള നരഹത്യയല്ല; പ്രതികൾക്കെതിരായ കൊലക്കുറ്റം ഒഴിവാക്കി കോടതി

കെഎം ബഷീറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയല്ല വാഹനമോടിച്ച് വന്നതെന്നാണ് പ്രതി ശ്രീറാമിന്റെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ വാദിച്ചത്

Update: 2022-10-19 06:47 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: കെഎം ബഷീർ കൊലക്കേസ് പ്രതികളുടെ വിടുതൽ ഹരജി തള്ളി. പ്രതികളായ ശ്രീറാം വെങ്കട്ടരാമനും വഫ ഫിറോസിനുമെതിരായ മനഃപൂർവമുള്ള നരഹത്യയെന്ന വകുപ്പ് ഒഴിവാക്കി. കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികൾ നവംബർ 20ന് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണം. തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് നടപടി. 

മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തിയ പ്രധാന വകുപ്പായ ഐപിസി 304 ബി പ്രകാരമുള്ള മനഃപൂർവമുള്ള നരഹത്യ ഒഴിവാക്കിയതോടെ കേസിന്റെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് കീഴ്‌ക്കോടതിയായ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1ലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. നവംബർ 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ജഡ്‌ജി കെ സുനിൽകുമാർ അറിയിച്ചു.

Advertising
Advertising

അതേസമയം, പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പടെയുള്ളവർ കേസിൽ പങ്കാളികളല്ലെന്നും അവരുടെ വിചാരണ ഒഴിവാക്കണമെന്നുമുള്ള അപേക്ഷ കോടതി തള്ളി. വഫക്കെതിരെ ചുമത്തിയിരുന്ന വകുപ്പുകളിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലനിൽക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി.അമിത വേഗതയിൽ വാഹനമോടിക്കാൻ പ്രേരിപ്പിച്ചു എന്ന വകുപ്പ് മാത്രമായിരിക്കും ഇനി വഫക്കെതിരെ നിലനിൽക്കുകയുള്ളൂ.

കെഎം ബഷീറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയല്ല വാഹനമോടിച്ച് വന്നതെന്നാണ് പ്രതി ശ്രീറാമിന്റെ അഭിഭാഷകൻ പ്രധാനമായും കോടതിയിൽ വാദിച്ചത്. ബഷീറിനെ ശ്രീറാമിന് നേരത്തെ പരിചയമുണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ വാദിച്ചു. ഇത് മുഖവിലക്കെടുത്താണ് കോടതി മനഃപൂർവമുള്ള നരഹത്യാ കുറ്റം ഒഴിവാക്കിയത്. അതേസമയം, മദ്യപിച്ച് വാഹനമോടിച്ചതടക്കമുള്ള വകുപ്പുകൾ ശ്രീറാമിനെതിരെ നിലനിൽക്കും. താരതമ്യേന കുറഞ്ഞ ശിക്ഷയുള്ള വകുപ്പുകളാണ് ഇവ. ഇതിനാലാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് കീഴ്‌ക്കോടതിയിലേക്ക് മാറ്റിയത്. 


Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News