സംസ്ഥാന ബജറ്റ്; ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ഗവേഷണ കേന്ദ്രം

അങ്കണവാടിയിലെ മുട്ടയും പാലും പദ്ധതിക്ക് 80 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്

Update: 2026-01-29 06:17 GMT

തിരുവനന്തപുരം: ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി മൂന്ന് കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. സ്‌കൂൾ വിദ്യാഭ്യാസ മേഖലക്കായി 1128 കോടി രൂപയും ചലച്ചിത്ര അക്കാദമിക്കായി 14 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

അങ്കണവാടിയിലെ മുട്ടയും പാലും പദ്ധതിക്ക് 80 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്ററിന് 14.2 കോടി രൂപയും ആരോഗ്യ മേഖലക്കായി 2531 കോടി രൂപയുമാണ് വകയിരുത്തിയത്. ആശ്വാസ കിരണം പദ്ധതിക്ക് നൽകുന്ന തുക 50 കോടിയിൽ നിന്ന് 100 കോടിയായി ഉയർത്തി. പാലിയേറ്റീവ് കെയർ രോഗികളുടെ ധനസഹായം 1000 രൂപയുമാക്കിയിട്ടുണ്ട്.

Advertising
Advertising

പത്രപ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലക്ക് 851.46 കോടി രൂപയും അനുവദിച്ചു. ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് 1000 രൂപ വർധിപ്പിച്ചു. കെഎസ്ആർടിസിക്ക് 155.72 കോടി രൂപയാണ് അനുവദിച്ചത്. ആധുനിക ഡീസൽ വാങ്ങാൻ 127 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു. ആശാവർക്കർമാർക്കുള്ള ഓണറേറിയത്തിലും 1000 രൂപയുടെ വർധനവുണ്ട്.

സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപ കൂട്ടിയിട്ടുണ്ട്. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.

കാരുണ്യ പദ്ധതിക്കായി 604.5 കോടി രൂപ ഇതുവരെ സർക്കാർ നൽകിയതായി ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. സാധാരണ ജനങ്ങൾക്കാണ് മുൻഗണനയെന്നും മനുഷ്യപക്ഷത്താണ് തങ്ങളെന്നും മന്ത്രിയുടെ പ്രസംഗത്തിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 754.6 കോടി രൂപ കൂടി നൽകും. ലോക്കൽ ഫിനാൻസ് ബോർഡ് രൂപീകരിക്കും. മുൻസിപ്പൽ ബോണ്ടുകൾ പ്രഖ്യാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി കൊടുക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധനവ് ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ മതസാമുദായിക സാഹോദര്യ ചരിത്രം രേഖപ്പെടുത്താൻ സംസ്ഥാന ബജറ്റിൽ തീരുമാനം. ഇതിനായി 10 കോടി വകയിരുത്തി. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളെ സഹായിക്കാനായി പ്രഖ്യാപിച്ച സന്നദ്ധ സേന പദ്ധതിക്കായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കാൻസർ ലെപ്രസി ക്ഷയം രോഗബാധിതരുടെ പെൻഷൻ ആയിരം രൂപ വർധിപ്പിച്ച് 2000 കോടി രൂപയാക്കി. അഡ്വക്കേറ്റ് വെൽഫയർ ഫണ്ട് ഘട്ടം ഘട്ടമായി 20 ലക്ഷമാക്കി ഉയർത്തും. കൊച്ചി ഇൻഫോ പാർക്കിൽ സൈബർ വാലിക്കായി 30 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപ അധികമായും വകയിരുത്തും.

ഗിഗ് തൊഴിലാളികളുടെ സംരക്ഷണത്തിനായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഗിഗ് തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകും. സൗരോർജ പദ്ധതികൾക്കായി ഓരോ പഞ്ചായത്തുകൾക്ക് ഒരു കോടി വീതവും നൽകും.

സൗജന്യ യൂണിഫോം പദ്ധതി-150.34 കോടി രൂപ, അധ്യാപക ശാക്തീകരണം-10 കോടി രൂപ, റോഡുകളുടെ ഡിസൈനിങ് ഉന്നത നിലവാരത്തിലെത്തിക്കൽ-300.53 കോടി രൂപ, റോഡ് വികസനം, പാലം, മറ്റു ഗതാഗതം-1871.53 കോടി രൂപ, കേരള സ്റ്റാർട്ടപ് മിഷൻ-99.52 കോടി രൂപ, ടൂറിസം മേഖല-13.52, ഐഎച്ച്ആർഡി-40 കോടി രൂപ, അസാപ്-35.3 കോടി രൂപ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News