ധർമടത്ത് ശക്തനായ സ്ഥാനാർഥി വരും: സണ്ണി ജോസഫ്
ധർമടത്ത് മുഖ്യമന്ത്രി വീണ്ടും മത്സരിക്കാനിറങ്ങിയാൽ സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സിറ്റിങ് മണ്ഡലമായ ധർമടത്ത് യുഡിഎഫിന് ശക്തനായ സ്ഥാനാർഥി വരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി വീണ്ടും മത്സരിക്കാനിറങ്ങിയാൽ സർപ്രൈസ് സ്ഥാനാർഥിയെ ഇറക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് തങ്ങൾ ചർച്ച നടത്തിയിട്ടില്ല. ലീഗ് ചർച്ച നടത്തിയോ എന്നറിയില്ല. മുസ്‌ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. മുന്നണിയുടെ നന്മക്കായി ആർക്കും അവരുടേതായ സംഭാവനകൾ ചെയ്യാം. താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. പാല, കൊട്ടാരക്കര ഉൾപ്പെടെ ഒരു സീറ്റിലും സ്ഥാനാർഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
2011ൽ രൂപീകരിച്ച ധർമടം മണ്ഡലത്തിൽ നിന്നാണ് 2016ലും 2021ലും പിണറായി വിജയൻ ജയിച്ച് മുഖ്യമന്ത്രിയായത്. 2021ൽ 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിണറായി ധർമടത്ത് വിജയിച്ചത്. കോൺഗ്രസിന്റെ സി.രഘുനാഥായിരുന്നു എതിരാളി. 2016ൽ മമ്പറം ദിവാകരനായിരുന്നു യുഡിഎഫ് സ്ഥാനാർഥി. 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് പിണറായി വിജയിച്ചത്. ഇത്തവണ പിണറായി മത്സരത്തിനിറങ്ങിയാൽ സംസ്ഥാനനേതാവിനെ തന്നെ എതിരാളിയായി ഇറക്കാനാണ് കോൺഗ്രസ് നീക്കം. സിപിഎമ്മിന്റെ കുത്തകമണ്ഡലങ്ങളിലെല്ലാം കനത്ത മത്സരം വേണമെന്നാണ് കോൺഗ്രസിലെ പൊതുവികാരം.