കടമെടുപ്പ് പരിധി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

ഇരുസർക്കാരുകളും തദ്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കും

Update: 2024-02-19 02:53 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ കേരളത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി നിർദേശപ്രകാരമുള്ള കേന്ദ്ര-സംസ്ഥാന ചർച്ചയ്ക്കു ശേഷമാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും.

ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദേശം അനുസരിച്ചാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമായി കഴിഞ്ഞ ആഴ്ച ചർച്ച നടത്തിയത്. ചർച്ച പരാജയപ്പെട്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച റിപ്പോർട്ട് രണ്ട് സർക്കാരുകളും കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ സമവായത്തിന്റെ ആലോചന ബെഞ്ച് മുന്നോട്ടുവച്ചപ്പോൾ തന്നെ കേരളം അംഗീകരിക്കുകയായിരുന്നു. ഉച്ചയ്‌ക്കു വീണ്ടും കോടതി ചേർന്നപ്പോഴാണ് കേന്ദ്രം സമ്മതം അറിയിച്ചത്.

കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ തീരുമാനം എടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രം. കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം നൽകിയിട്ടുണ്ടെന്ന വാദത്തിലാണ് കേന്ദ്രം ഉറച്ചുനിൽക്കുന്നത്. നിതി ആയോഗിന്റെ ശിപാര്ശയ്ക്ക് അപ്പുറം നൽകിയിട്ടുമുണ്ട്. എന്നാൽ ധനകമ്മിയുടെ കാര്യത്തിൽ കേന്ദ്രനിർദേശം പാലിക്കുന്നുണ്ടെങ്കിലും അവഗണിക്കുകയാണെന്ന നിലപാടിലാണ് കേരളം. ഫെഡറൽ മര്യാദകളുടെ ലംഘനം ആണെന്നും സാമ്പത്തിക പരാധീനതയിൽ സംസ്ഥാനം കഷ്ടപ്പെടുകയാണെന്നും കേരളവും ചൂണ്ടിക്കാട്ടുന്നു.

ചർച്ചയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്തിരുന്നില്ല. അതേസമയം സുപ്രിംകോടതിയുടെ നിർദേശം അനുസരിച്ചു സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ ഡൽഹിയിലെത്തി ചർച്ചയിൽ പങ്കെടുത്തു. ഇന്ന് ഹരജി പരിഗണിക്കുമ്പോൾ വിശദമായ വാദത്തിന് മറ്റൊരുദിവസത്തേക്ക് മാറ്റാനാണ് സാധ്യത.

Summary: The Supreme Court to hear Kerala's plea against the cut in borrowing limit today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News