സ്വപ്ന സുരേഷിന് ജോലി നല്‍കിയത് ആര്‍.എസ്.എസ് അനുകൂല എന്‍.ജി.ഒ; നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം

എന്‍.ജി.ഒയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്ന കെ.ജി വേണുഗോപാല്‍ ആര്‍.എസ്.എസിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് ഔദ്യോഗിക വെബ്സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു

Update: 2022-02-17 16:14 GMT
Editor : ijas

സ്വപ്ന സുരേഷിന് ജോലി നല്‍കിയ എച്ച്.ആര്‍.ഡി.എസ് എന്ന എന്‍.ജി.ഒ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന. മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്‍പ്പ്മെന്‍റ് സൊസൈറ്റി. ഗുരു ആത്മനമ്പി(ആത്മജി)യാണ് എച്ച്.ആര്‍.ഡി.എസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും പ്രധാന നേതാക്കളാണ് ഇതിന്‍റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്. എന്‍.ജി.ഒയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കുന്ന കെ.ജി വേണുഗോപാല്‍ ആര്‍.എസ്.എസിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് എച്ച്.ആര്‍.ഡി.എസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. സംഘപരിവാര്‍ പ്രവര്‍ത്തനവും പഠനവും ഒരുമിച്ചു കൊണ്ടുപോയിരുന്ന വ്യക്തിയാണ് വേണുഗോപാല്‍ എന്നാണെന്നാണ് വെബ്സൈറ്റിലെ പ്രൊഫൈല്‍ ചൂണ്ടിക്കാട്ടുന്നത്. എ.ബി.വി.പി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന വേണുഗോപാല്‍ അടിയന്തരാവസ്ഥ കാലത്ത് സംഘടന വളര്‍ത്തുന്നതില്‍ സജീവമായിരുന്നു.

Advertising
Advertising

എച്ച്.ആര്‍.ഡി.എസിന്‍റെ സ്ഥാപകനും സെക്രട്ടറിയുമായ അജി കൃഷ്ണന്‍റെ സഹോദരനായിരുന്നു ഇടുക്കി ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബിജു കൃഷ്ണന്‍. എച്ച്.ആര്‍.ഡി.എസിന്‍റെ പ്രോജക്ട് ഡയക്ടറാണ് ബിജു കൃഷ്ണന്‍. ബിജു കൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററും ബി.ജെ.പിയുടെ ഔദ്യോഗിക പേജിലെ പോസ്റ്ററും എച്ച്.ആര്‍.ഡി.എസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ എച്ച്.ആര്‍.ഡി.എസുമായി സജീവ സഹകരണത്തിലുള്ളവരാണ്.


വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, സ്ത്രീ ശാക്തീകരണം തുടങ്ങി വിവിധ മേഖലകളിലാണ് എച്ച്.ആര്‍.ഡി.എസ്​ പ്രവർത്തിക്കുന്നത്. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിലാണ് ഇവരുടെ പ്രവർത്തനം​. പാവപ്പെട്ടവരും ദരിദ്രരുമായ ആദിവാസികളുടെ ഭൂമി കൈക്കലാക്കിയതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന എന്‍.ജി.ഒയാണ് സ്വപ്ന സുരേഷിന് ജോലി നേടികൊടുത്ത എച്ച്.ആര്‍.ഡി.എസ്. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയില്‍ അനുമതിയില്ലാതെ ഭവനനിര്‍മാണം, മരുന്ന് പരീക്ഷണം അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ എച്ച്.ആര്‍.ഡി.എസിനെതിരെ പരാതികളും അന്വേഷണങ്ങളുമുണ്ടായിരുന്നു.


എച്ച്.ആര്‍.ഡി.എസിന്‍റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചിരിക്കുന്നത്. എൻ.ജി.ഒ യ്ക്കു വേണ്ടി ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയാണ് സ്വപ്‌നയ്ക്കുള്ളത്. സ്വപ്‌ന സുരേഷ് ചുമതലയേറ്റെടുത്ത കാര്യം കഴിഞ്ഞ ദിവസം എന്‍.ജി.ഒയിലെ അംഗങ്ങളെ അറിയിച്ചിരുന്നു. എച്ച്.ആര്‍.ഡി.എസിന്‍റെ വെബ്‌സൈറ്റിലും സ്വപ്നയുടെ നിയമനം പരസ്യമാക്കിയിട്ടുണ്ട്. പാലക്കാട്ടെ ഓഫീസിൽ വെച്ച് നാളെ ചുമതലയേൽക്കാനാണ് സ്വപ്നക്ക് കിട്ടിയ നിര്‍ദേശം. എന്നാൽ ഇ.ഡിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ലാത്തതിനാൽ ജോലിയിൽ പ്രവേശിക്കുന്നതിന് സ്വപ്ന കുറച്ചുകൂടി സാവകാശം ചോദിച്ചിട്ടുണ്ട്.


മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് ആര്‍.എസ്.എസ് അനുകൂല സംഘടനയില്‍ ജോലി ലഭിച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷിന്‍റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News