സ്കൂളിലെ ശിരോവസ്ത്രവിലക്ക്: 'രമ്യതയിൽ പരിഹരിച്ച വിഷയം ഊതിക്കത്തിച്ചു'; വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ മാനേജ്മെന്‍റും സിറോ മലബാര്‍സഭയും

ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടത് അനുചിതമെന്നാണ് സീറോ മലബാർ സഭയുടെ നിലപാട്

Update: 2025-10-15 01:41 GMT
Editor : Lissy P | By : Web Desk

കൊച്ചി: ശിരോവസ്ത്ര വിലക്കിൽ എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂൾ മാനേജ്മെന്റിന്റെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വിദ്യാർഥിക്കും രക്ഷിതാക്കൾക്കും ഉണ്ടായ വിഷമങ്ങൾ പരിഹരിച്ച് ഇന്ന് 11 മണിക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെൻ്റിനും കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടത് അനുചിതമാണെന്നാണ് സീറോ മലബാർ സഭയുടെയും സ്കൂളിന്റെയും വാദം. രമ്യതയിൽ പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി ഊതിക്കത്തിച്ചുവെന്ന് സ്കൂൾ മാനേജ്മെന്റിനായി ഹാജരാകുന്ന അഭിഭാഷക അഡ്വ. വിമല ബിനുവും പ്രതികരിച്ചു.

Advertising
Advertising

അതേസമയം, സംഭവത്തില്‍  സ്കൂളിന് വീഴ്ച പറ്റിയെന്നായിരുന്നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ശിരോവസ്ത്രം ധരിക്കാൻ കുട്ടിക്ക് അനുമതി നൽകാനും നിർദേശം നല്‍കിയിട്ടുണ്ട്.വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണത്തിലാണ് സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. 

ഭരണഘടഅവകാശം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിറവും ഡിസൈനും സ്കൂളിന് തീരുമാനിക്കാം.ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.  മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News