കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തി: സി.പി.എം താമരശ്ശേരി ഏരിയാ കമ്മറ്റി അംഗത്തെ തരം താഴ്ത്തി

തിരുവമ്പാടി നിയമസഭാ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്ന പേരുകളില്‍ പ്രധാനം താമരശ്ശേരി ഏരിയാകമ്മറ്റിയംഗം ഗിരീഷ് ജോണിന്‍റേതായിരുന്നു

Update: 2021-07-30 06:44 GMT
Editor : ijas
Advertising

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തിയതിന് സി.പി.എം താമരശ്ശേരി ഏരിയാ കമ്മറ്റിയംഗം ഗിരീഷ് ജോണിനെ പാർട്ടി തരം താഴ്ത്തി. ഗിരീഷിന്‍റേത് പൊറുക്കാനാവാത്ത തെറ്റെന്ന് സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തി. നിയസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എതിർ പാർട്ടിയുടെ ദേശീയ നേതാവുമായി ചർച്ച നടത്തിയ ഗിരീഷ് ജോണിന്‍റെ നടപടിയെ ഗൗരവമായാണ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി കണ്ടത്. പാർട്ടി സ്ഥാനാർഥിക്കെതിരായ നീക്കമായും ജില്ലാ കമ്മിറ്റി ഇതിനെ മനസിലാക്കി. ഇതിന് പിന്നാലെയാണ് നടപടി എടുത്തത്.

തിരുവമ്പാടി സീറ്റില്‍ സ്ഥാനാർഥിയാക്കാത്തതിലുള്ള അതൃപ്തി ഗിരീഷ് ജോണിന്‍റെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സി.പി.എം ജില്ലാ നേതൃത്വം കരുതുന്നത്. കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച ഗിരീഷ് ജോണിന്‍റെ വിശദീകരണം തള്ളിയ ജില്ലാ കമ്മിറ്റി ഗിരീഷിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിർത്താന്‍ തീരുമാനിച്ചു. ഇനി ബ്രാഞ്ചംഗം മാത്രമായിരിക്കും ഗിരിഷ് ജോണ്‍. ഏത് ബ്രാഞ്ചായിരിക്കുമെന്നതും ജില്ലാ കമ്മിറ്റി നിർദേശിക്കും. പാർട്ടി തീരുമാനം വരും ദിവസങ്ങളില്‍ കീഴ്ഘടകങ്ങളില്‍ റിപ്പോർട്ട് ചെയ്യും.

തിരുവമ്പാടി നിയമസഭാ സീറ്റില്‍ ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്ന പേരുകളില്‍ പ്രധാനം താമരശ്ശേരി ഏരിയാകമ്മറ്റിയംഗം ഗിരീഷ് ജോണിന്‍റേതായിരുന്നു. എന്നാല്‍ ലിന്‍റോ ജോസഫിനാണ് നറുക്ക് വീണത്. ലിന്‍റോ തിരുവമ്പാടിയില്‍ നിന്നും വിജയിക്കുകയും ചെയ്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News