രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര പരാതി; പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാലാവകാശ കമ്മീഷൻ
പരാതി ന്യായമെങ്കിൽ ഗൗരവമുള്ളതാണെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ വ്യക്തമാക്കി
Update: 2025-08-22 09:28 GMT
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര പരാതി പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ. എന്തു തീരുമാനമെടുക്കണം എന്ന കാര്യവും പരിശോധിക്കുകയാണെന്നും പരാതി ന്യായമെങ്കിൽ ഗൗരവമുള്ളതാണെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ വ്യക്തമാക്കി.
ഡിജിറ്റൽ തെളിവുകൾ പരിശോധിക്കേണ്ടത് മറ്റ് അന്വേഷണ സംവിധാനങ്ങളാണ്. ഗർഭഛിദ്രത്തിന് വിധേയമായി എന്ന് പറയുന്ന സ്ത്രീ ഇപ്പോഴും കാണാമറയത്താണ്. മൂന്നാമതൊരാളുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും മനോജ് കുമാർ പറഞ്ഞു. തെറ്റ് കണ്ടെത്തിയാൽ നടപടി സ്വീകരിക്കാൻ പൊലീസിനോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.