ബാർ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ക്രൈംബ്രാഞ്ച് എ.സ്പി മധുസൂദനൻ അന്വേഷിക്കും

Update: 2024-05-25 07:21 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി രാജേഷ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനൻ അന്വേഷിക്കും. ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നൽകിയത്. ബാറുടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംഘടന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദരേഖയിൽ പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പണം നൽകണമെന്നും ഡ്രൈ ഡേ ഒഴിവാക്കാനും മറ്റു ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

മദ്യനയത്തിന്‍റെ പേരിൽ പണംപിരിക്കുന്നതിനെ സർക്കാർ ഗൗരവത്തോടെ കാണുന്നുവെന്ന് എംബി രാജേഷ് പ്രതികരിച്ചിരുന്നു. ഗൂഡാലോചനയുണ്ടോയെന്ന് പരിശോധിക്കും. മദ്യനയ ചർച്ചകകളിലേക്ക് സർക്കാർ കടന്നിട്ടുപോലുമില്ല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബാർ കോഴ ആരോപണം തള്ളി സി.പി.എം രം​ഗത്തെത്തി. ബാര്‍ കോഴ വിവാദത്തില്‍ സംസ്ഥാനത്തെ എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ബാർ കോഴയിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്നും ​ഗോവിന്ദൻ ആരോപിച്ചു. 

അതേസമയം, ബാര്‍ കോഴ വിവാദങ്ങൾക്കിടെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് യാത്ര തിരിച്ചു. കുടുംബസമേതം വിയന്നയിലേക്കാണ് യാത്ര പുറപ്പെട്ടത്. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. ധനകാര്യ മന്ത്രിയും കുടുംബവും വിദേശയാത്ര നിശ്ചയിച്ചിരുന്നു. ധനമന്ത്രിയുടെ ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്ര റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും കുടുംബവും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയത്. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News