സിഗ്‍നൽ ലഭിച്ചു; അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായി സൂചന

ഇന്നലെ ഉച്ചയോടു കൂടി ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്നൽ നഷ്ടമാവുകയായിരുന്നു

Update: 2023-05-03 05:39 GMT
Advertising

ഇടുക്കി: അരിക്കൊമ്പനിൽ നിന്ന് സിഗ്നൽ ലഭിച്ചതായി വനംവകുപ്പ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയത്. അരിക്കൊമ്പൻ അതിർത്തി വന മേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന. ഇന്നലെ ഉച്ചയോടു കൂടി ജി.പി.എസ് കോളറിൽ നിന്നുള്ള സിഗ്നൽ നഷ്ടമാവുകയായിരുന്നു. മേഘാവൃതമായ കാലാവസ്ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നായിരുന്നു വനം വകുപ്പിന്‍റെ വിശദീകരണം.

ചിന്നക്കനാലിൽ നിന്ന് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലാണ് തുറന്ന് വിട്ടത്. ആന മയക്കത്തിൽ നിന്ന് ഉണർന്നെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും പൂർണ ആരോഗ്യവാനെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മാറ്റിയ ശേഷമുള്ള സാഹചര്യവും കോടതി വിലയിരുത്തും. റേഡിയോകോളർ ധരിപ്പിച്ച ശേഷമുള്ള അരിക്കൊമ്പന്റെ നീക്കങ്ങൾ വനം വകുപ്പ് കോടതിയെ അറിയിക്കും.

പെരിയാറിൽ അരിക്കൊമ്പനനുകൂലമായ സാഹചര്യമായതുകൊണ്ടാണ് സർക്കാർ തീരുമാനത്തെ വിദഗ്ധ സമിതി അംഗീകരിച്ചത്. മിഷൻ സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ടും കോടതിയുടെ പരിഗണനയിൽ വരും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പതിനൊന്ന് മണിക്കാണ് ഹരജി പരിഗണിക്കുക.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News