‘പെൺകുട്ടി നേരിട്ടത് വിശ്വസിക്കാനാകാത്ത പീഡനം’; ശക്തമായ നിയമനടപടി വേണമെന്ന് ചിന്ത ജെറോം

സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു

Update: 2026-10-07 15:36 GMT

കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയിൽ ശക്തമായ നിയമനടപടി ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. പെൺകുട്ടി നേരിട്ടത് വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള മർദനമാണെന്നും അവർ പറഞ്ഞു. ഇരയാക്കപ്പെട്ട സ്ത്രീകൾക്കൊപ്പം ഡിവൈഎഫ്ഐ എപ്പോഴും നിലകൊള്ളുമെന്നും ചിന്ത ജെറോം വ്യക്തമാക്കി.

പെൺകുട്ടിക്ക് ഡിവൈഎഫ്ഐ നിയമപരമായ പരിരക്ഷ ഉറപ്പാക്കുമെന്നും അവർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങളിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ചിന്ത ജെറോം വിമർശനം ഉന്നയിച്ചു. ബിജെപിയിലെ പ്രധാന പ്രവർത്തകർക്ക് ആരോഗ്യവകുപ്പിൽ ശ്രദ്ധേയമായ തസ്തികകൾ നൽകുകയാണെന്നും മന്ത്രി അറിയാതെയാണോ ആരോഗ്യവകുപ്പിലെ കാര്യങ്ങൾ നടക്കുന്നതെന്നും അവർ ചോദിച്ചു. സ്വന്തം സഹോദരിയുടെ രാഷ്ട്രീയത്തിന്റെ അതേ പാതയിലൂടെ സഹോദരനും സഞ്ചരിച്ച് തുടങ്ങിയോയെന്നും ചിന്ത ജെറോം ചോദിച്ചു.

Advertising
Advertising

ഇ.എൻ. സുരേഷ് ബാബുവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ചിന്ത ജെറോം പറഞ്ഞു. എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നിലപാടാണ് ഡിവൈഎഫ്ഐ സ്വീകരിച്ചിട്ടുള്ളതെന്നും അവർ വ്യക്തമാക്കി.

കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിലും ചിന്ത ജെറോം പ്രതികരിച്ചു. സർവകലാശാലകളെ ആർഎസ്എസിന്റെ ശാഖകളാക്കി മാറ്റുന്ന സമീപനമാണ് കാസർകോട് ഉണ്ടായതെന്ന് അവർ ആരോപിച്ചു.

ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്ന വിദ്യാർഥികൾക്ക് എങ്ങനെയാണ് ജെ. നന്ദകുമാറിന്റെ പ്രസംഗം ഇരുന്ന് കേൾക്കാൻ കഴിയുകയെന്നും ചിന്ത ജെറോം ചോദിച്ചു. ഭരണഘടനയെ നെഞ്ചോട് ചേർക്കുന്ന വിദ്യാർഥികൾ പുറത്ത് നിന്ന് പ്രതിഷേധിക്കുമെന്നും അവർ പറഞ്ഞു. കേരളത്തിലെ യുഡിഎഫ് സർക്കാരിന് ആർഎസ്എസിനോട് വലിയ പ്രീണനമാണെന്നും ചിന്ത ജെറോം ആരോപിച്ചു.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News