പെൺകുട്ടികൾ പാലക്കാട്ടെത്തിയത് ബംഗാളി യുവാവിൽനിന്ന് 500 രൂപ കടംവാങ്ങി; ട്രെയിനില്‍നിന്ന് ടിടിഇ ഇറക്കിവിട്ടു

ചിൽഡ്രൻസ് ഹോമിൽനിന്ന് രക്ഷപ്പെട്ട കുട്ടികള്‍ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്ന് കണ്ടുമുട്ടിയ ബംഗാൾ സ്വദേശികളായ രണ്ടു യുവാക്കളോട് കടം ചോദിക്കുകയായിരുന്നു

Update: 2022-01-28 10:50 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ കുട്ടികൾ പാലക്കാട് വഴിയാണ് ബംഗളൂരുവിലേക്ക് കടന്നതെന്ന് പൊലീസ്. കോഴിക്കോട്ടുനിന്ന് ബംഗാളി യുവാക്കളിൽനിന്ന് പണം കടംവാങ്ങിയായിരുന്നു ഇവർ പാലക്കാട്ടെത്തി. ബസ് കണ്ടക്ടറുടെ ഫോണിൽനിന്ന് കാമുകനെ വിളിച്ചും പണം ഗൂഗിൾ പേ ചെയ്യിച്ചെന്നും മെഡിക്കൽ കോളജ് എസിപി സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരെ നേരത്തെ ബംഗളൂരുവിൽനിന്നും മാണ്ഡ്യയിൽനിന്നും പിടികൂടിയിരുന്നു. ബാക്കിയുള്ളവരെ ഇന്ന് മലപ്പുറം ജില്ലയിലെ എടക്കരയിൽനിന്നും പിടികൂടി.

ബംഗാളി യുവാവിൽനിന്ന് കടം വാങ്ങി; കാമുകനെക്കൊണ്ട് ഗൂഗിൾ പേ ചെയ്യിച്ചു

എടക്കരയിലെത്തിയ പെൺകുട്ടികൾ നാട്ടുകാരിൽനിന്ന് ഫോൺ വാങ്ങി അജ്മൽ എന്നു പേരുള്ള ഒരാളുടെ കാമുകനെ വിളിച്ചിരുന്നു. ഇയാളിൽനിന്നാണ് കുട്ടികൾ എടക്കരയിലെത്തിയ വിവരം ലഭിക്കുന്നതും പൊലീസ് സ്ഥലത്തെത്തി ഇവരെ പിടിക്കുന്നതും. പാലക്കാട് സ്വദേശിയായ അജ്മൽ ചിക്കൻപോക്‌സ് പിടിച്ച് വീട്ടിൽ കിടക്കുകയാണ്. ഇയാളിൽനിന്നാണ് കുട്ടികളുടെ യാത്രയെക്കുറിച്ചടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിക്കുന്നതെന്ന് എസിപി സുദർശൻ പറഞ്ഞു.

ഗോവയിലേക്ക് കാമുകനെ കൂട്ടി പോകാനായിരുന്നു പദ്ധതി. അപ്പോഴാണ് കാമുകന് ചിക്കൻപോക്‌സ് പിടിക്കുന്നത്. നാലുപേരായി പോകാനായിരുന്നു ആലോചിച്ചിരുന്നത്. കൈയിൽ കാര്യമായി പണമൊന്നുമുണ്ടായിരുന്നില്ല.

ചിൽഡ്രൻസ് ഹോമിൽനിന്ന് രക്ഷപ്പെട്ട ഇവർ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി. സ്റ്റാൻഡിൽനിന്ന് കണ്ടുമുട്ടിയ ബംഗാൾ സ്വദേശികളായ രണ്ടു യുവാക്കളിൽനിന്ന് 500 രൂപ കടംവാങ്ങി. എന്നിട്ട് അവരുടെ ഫോൺ തന്നെ വാങ്ങി കാമുകനെ വിളിച്ചു. തുടർന്ന് ഇയാൾ 500 രൂപ ബംഗാളി യുവാവിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്തുകൊടുത്തു.

തുടർന്ന് പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസിൽ കയറി ആറുപേരും. എന്നാൽ, പാലക്കാട്ടെത്താൻ ആറുപേർക്ക് 750 രൂപ വേണ്ടിയിരുന്നു. കൈയിലുള്ള പണം തികയാത്തതിനാൽ ബസ് കണ്ടക്ടറുടെ ഫോൺ വാങ്ങിച്ച് വീണ്ടും കാമുകനെ വിളിച്ചു. തുടർന്ന് കാമുകൻ കണ്ടക്ടറുടെ അക്കൗണ്ടിലേക്ക് 2,000 രൂപ ഗൂഗിൾ പേ ചെയ്തുകൊടുത്തു. കണ്ടക്ടർ ടിക്കറ്റ് തുകയെടുത്ത് ബാക്കി ഇവർക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു.

ടിക്കറ്റെടുക്കാതെ ബംഗളൂരുവിലേക്ക്; കോയമ്പത്തൂരിൽ ടിടിഇ ഇറക്കിവിട്ടു

കെഎസ്ആർടിസിയിൽനിന്ന് ബാക്കി ലഭിച്ച 1,250 രൂപയും നേരത്തെ ബംഗാൾ സ്വദേശിയിൽനിന്നു വാങ്ങിയ 500രൂപയുമായിരുന്നു ഇവരുടെ കൈയിലുണ്ടായിരുന്നത്. ഇതുമായാണ് ഇവർ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നത്. അവിടെനിന്ന് ഭക്ഷണം കഴിച്ച് രാത്രി ബംഗളൂരുവിലേക്ക് ട്രെയിൻ കയറി. എന്നാൽ, ടിക്കറ്റ് എടുക്കാതിരുന്നതുകൊണ്ട് ടിടിഇ ഇവരെ പിടിച്ചു. രാത്രി പന്ത്രണ്ടരയ്ക്ക് ഇവരെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ടിടിഇ ഇറക്കി.

Full View

കോയമ്പത്തൂരിൽനിന്ന് ഒന്നേമുക്കാലിനുള്ള ട്രെയിനിന് സംഘം വീണ്ടും ബംഗളൂരുവിലേക്ക് കയറി. അതും ടിക്കറ്റെടുക്കാതെയായിരുന്നു. തുടർന്ന് രാവിലെ ഏഴുമണിക്കാണ് ബംഗളൂരു വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിലിറങ്ങി.

അവിടെ വച്ചാണ് നേരത്തെ പൊലീസ് പിടിച്ച രണ്ടു യുവാക്കളെ ഇവർ കാണുന്നത്. ഗോവയിലേക്ക് പുറപ്പെട്ടതാണെന്നും കൈയിലുണ്ടായിരുന്ന പൈസ മോഷണം പോയെന്നും ബാഗെല്ലാം കളഞ്ഞുപോയെന്നും ഇവർ പറഞ്ഞു. താമസിക്കാൻ പറ്റിയ സ്ഥലം അന്വേഷിച്ചു. തുടർന്നാണ് ഇവർ കുട്ടികൾക്ക് റൂമെടുത്തു കൊടുക്കുന്നത്.

എന്നാൽ, ടൂറുമെടുക്കുമ്പോൾ ഇവർക്ക് ഐഡന്റിറ്റി കാർഡൊന്നുമില്ലാത്തതിനാൽ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് കമ്മീഷണറും അവിടത്തെ മലയാളി അസോസിയേഷനുകളുമെല്ലാം ഇടപെട്ടാണ് കുട്ടികളെ കണ്ടെത്താൻ പൊലീസിനു പറ്റിയത്.

ഈ സമയത്ത് കുട്ടികളെല്ലാം പ്രത്യേക മാനസികാവസ്ഥയിലായതിനാൽ എല്ലാവരും അക്രമാസക്തരായിരുന്നു. പിന്നാലെ ബംഗളൂരു പൊലീസിന്റെ സഹായത്തോടെ രണ്ടുപേരെ പിടിക്കാനായി. നാലുപേർ ഓടിരക്ഷപ്പെടുകയും ചെയ്തു. പിന്നാലെ പിടിയിലായവരിൽ ഒരാളും ഓടിപ്പോയി. അങ്ങനെയാണ് കുട്ടി ഒറ്റപ്പെട്ടുപോയത്. പിന്നീട് മറ്റാരുടെയോ സഹായത്തോടെയാണ് കുട്ടി മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് ബസ് കയറുന്നത്. ബസ് കയറിയ വിവരം ലഭിച്ചാണ് പൊലീസ് മാണ്ഡ്യയിൽവച്ച് ഇന്നലെ രാത്രി രണ്ടുമണിക്ക് കുട്ടിയെ പിടിച്ചത്. ബാക്കിയുള്ളവരെ കാമുകനിൽനിന്ന് ലഭിച്ച വിവരപ്രകാരം ഇന്ന് എടക്കരയിൽനിന്നും പിടികൂടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News