ശബ്ദിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടൊരു കാലം മുൻപുണ്ടായിട്ടില്ല-ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച 'ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം' സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീർ എം.പി

Update: 2022-02-20 15:26 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യയിൽ പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിമർശനങ്ങളും ചർച്ചകളും ഏറെ നടന്നിട്ടുണ്ടെങ്കിലും ശബ്ദിക്കാനുള്ള അവകാശം ഹനിക്കപ്പെട്ടൊരു കാലഘട്ടം ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി. നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിൽ തെറ്റുണ്ടെന്നു പറയാൻ പോലും വിലക്കുള്ള സ്ഥിതിയാണ്. ജീവന്റെ പ്രശ്‌നത്തിൽ പോലും സർക്കാരിനെ വിമർശിക്കാൻ പറ്റാത്ത തരത്തിലേക്ക് രാജ്യത്തെ സ്ഥിതിഗതികൾ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംഘടിപ്പിച്ച 'ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം' സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇ.ടി ബഷീർ. കോവിഡ് റിപ്പോർട്ടിന്റെ പേരിൽ സർക്കാരിനെ ഇകഴ്ത്തിക്കാണിച്ചു എന്ന പേരിൽ 55 പത്രക്കാരാണ് ജയിലിൽ കിടക്കുന്നത്. എഡിറ്റേഴ്‌സ് ഗിൽഡിന്റെ റിപ്പോർട്ടിൽ പറഞ്ഞ കാര്യമാണ്. ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. ഈ രാജ്യത്ത് പത്രങ്ങളായാലും വ്യക്തികളായാലും എല്ലാവർക്കുമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ജയിലിൽ കിടക്കുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ അനുഭവം മുന്നിലുണ്ട്. അദ്ദേഹം ചെയ്ത കുറ്റം എന്താണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അദ്ദേഹം കുറ്റംപോലും അറിയാതെ എന്തുമാത്രം ചെയ്ത കഷ്ടപ്പാടിലൂടെയാണ് കടന്നുപോകുന്നത്. അനീതിക്കെതിരായി പലർക്കും ഇപ്പോൾ യോജിച്ചുനിൽക്കാൻ കഴിയുന്നില്ല. മിക്കവരും സർക്കാർ നൽകിയ മധുരം നുണഞ്ഞവരാണ്. അവരെല്ലാം സർക്കാരിനു വേണ്ടി എഴുതിക്കൊണ്ടിരിക്കുകയാണ്.''

Full View

ഭരണഘടനയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുല്ലുവില കൽപിക്കുകയാണ് ഭരണകൂടം. ഭരണഘടന നിലനിർത്തിക്കൊണ്ടുതന്നെ ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ടംപോലെ ചെയ്യുകയാണ്. ഇന്ത്യയുടെ ഭരണഘടന അങ്ങനെത്തന്നെ നിൽക്കെ ബാക്കി ഭാഗങ്ങൾ ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പത്രക്കാർക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങളെയും ആദ്യം എതിർത്ത പാർട്ടിയാണ് മുസ്‌ലിം ലീഗ്. അതൊരു ധാർമികബാധ്യതയായാണ് പാർട്ടി കരുതുന്നത്. മീഡിയവൺ വിഷയത്തിലും അതിശക്തമായി പാർലമെന്റിലെ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമിനാർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, എഴുത്തുകാരൻ പി.കെ പാറക്കടവ്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ചടങ്ങിൽ സംസാരിച്ചു.

Summary: There has never been a time when the right to speak was denied, Says ET Muhammed Basheer

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News