‘നന്മ മാത്രം കൈമുതലായവർ’; ഇത്​ ഹാജിറയുടെയും ഇന്ദിരയുടെയും ജീവിതം

‘എങ്ങിനെയൊക്കെ വർണ്ണിച്ചാലാണ് ഈ ഒരു സത്കർമ്മത്തിന്‍റെ മൂല്യത്തെ അർഹിക്കുന്ന വിധത്തിൽ അടയാളപ്പെടുത്താനാവുക’

Update: 2025-02-12 10:11 GMT

കോഴിക്കോട്​: സ്​നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കഥ പറയുകയാണ്​​ ഹാജിറയും ഇന്ദിരയുമെന്ന രണ്ട്​ സ്ത്രീകൾ. കോഴിക്കോട് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥയാണ് ഹാജിറ. ഇവർ ജോലി ചെയ്യുന്ന ഓഫീസിലെ പാർട്ട് ടൈം സ്വീപ്പറാണ് ഇന്ദിര. ഇന്ദിരക്ക്​ വീട്​ ​വെക്കാനുള്ള സ്ഥലത്തിനാവശ്യമായ അഞ്ച്​ ലക്ഷത്തിലധികം രൂപ നൽകുന്നത്​ ഹാജിറയാണ്. അടുത്ത ദിവസം ഈ സ്ഥലത്തിന്‍റെ രജിസ്​ട്രേഷനാണ്​.

ഈ കരുതലിന്‍റെ കഥ ഫേസ്​ബുക്കിൽ പങ്കുവച്ചിരിക്കുന്നത്​ പൊലീസ്​ ഉദ്യോഗസ്ഥനായ ശ്രീജിഷ്​ ജി. ശ്രീനിവാസനാണ്​. വർത്തമാനകാല ഇന്ത്യയിൽ ഹാജിറയെന്നും ഇന്ദിരയെന്നുമുള്ള രണ്ട് പേരുകൾ ചേർത്തുനിർത്താൻ സാധിക്കുന്നത് തന്നെ ഒരു പ്രത്യേക സന്തോഷമാണെന്ന്​ ശ്രീജിഷ്​ ഫേസ്​ബുക്കിൽ കുറിച്ചു. നിരവധി പേരാണ്​ ഇവർക്ക്​ അഭിനന്ദവുമായി ​പ്രതികരിച്ചിട്ടുള്ളത്​.

Advertising
Advertising

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:

പറഞ്ഞു തുടങ്ങുന്നത് ഹാജിറ എന്നും ഇന്ദിര എന്നും പേരായ രണ്ട് സ്ത്രീകളുടെ കഥയാണ്.

കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥയാണ് ഹാജിറ. ഫറോക്ക് അസി: കമ്മിഷണർ ഓഫീസിലാണ് ജോലി ചെയ്യുന്നത്. പോലീസ് അസോസിയേഷന്‍റെ സജീവ പ്രവർത്തകയും കോഴിക്കോട്ടെ പോലീസ് സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടുമാണ്. സ്വന്തമായി നിർമ്മിച്ച വീടിന്‍റെ ഗൃഹപ്രവേശനം ഒരു വർഷം മുൻപാണ് ഹാജിറ നടത്തിയത്. അതുമായി ബന്ധപ്പെട്ട ബാധ്യതകൾ ഇനിയും പൂർത്തിയാവാതെ ബാക്കി കിടപ്പുണ്ട്. മലപ്പുറം ജില്ലയിലെ പുളിക്കൽ എന്ന സ്ഥലത്ത് മെയിൻ റോഡിൽ നിന്ന് ഉദ്ദേശം 2 കിലോമീറ്ററോളം ദൂരത്ത് ഒരു കുന്നിൻ മുകളിലാണ് ഹാജിറയുടെ കൊച്ചു വീട്.

ഹാജിറ ജോലി ചെയ്യുന്ന ഫറോക്ക് അസി: കമ്മിഷണർ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പറാണ് ഇന്ദിര. മൂന്ന് വർഷം മുമ്പ് ആ ഓഫിസിൽ ജോലി ആരംഭിച്ചത് മുതലാണ് ഹാജിറയ്ക്ക് ഇന്ദിരയുമായുള്ള പരിചയം. സ്വന്തമായി ഒരു വീടില്ലാത്തതിനാൽ കഴിഞ്ഞ 15 വർഷങ്ങളായി തന്‍റെ രണ്ട് മക്കളുമൊത്ത് വാടക വീടുകളിൽ കഴിയുകയായിരുന്നു ഇന്ദിര. സ്വീപ്പർ ജോലിയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പ്രതിഫലം മാത്രമാണ് ആകെയുള്ള വരുമാനം.

ഹാജിറയുടേയും ഇന്ദിരയുടെയും ജീവിതത്തിലെ വളരെ സുപ്രധാനമായ ഒരു കാര്യം നടക്കാൻ വേണ്ടി പോവുകയാണ്. സ്വന്തമായി ഒരു വീട് എന്ന കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ തൊട്ടടുത്ത ദിവസം ഇന്ദിരയുടെ പേരിലേക്ക് 4 സെന്‍റ്​ ഭൂമി രജിസ്റ്റർ ചെയ്യപ്പെടുകയാണ്. പ്രസ്തുത സ്ഥലം വാങ്ങുന്നതിനാവശ്യമായ അഞ്ചു ലക്ഷത്തിലധികം രൂപ ഇന്ദിരയ്ക്ക് നൽകുന്നത് മറ്റാരുമല്ല, ഓഫീസിൽ ഒരുമിച്ച് ജോലി ചെയ്യുന്നു എന്ന ഒരു ബന്ധം മാത്രമുള്ള ഹാജിറയാണ്. വിശ്വസിക്കാൻ പലർക്കും പ്രയാസം തോന്നുന്നുണ്ടാവും. നൻമ മാത്രം കൈമുതലായ ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ട് നമ്മൾക്ക് ചുറ്റും...

കഷ്ടിച്ച് ഒരു ടൂവീലറിന് മാത്രം കടന്നുപോകാൻ സാധിക്കുന്നത്ര ഇടുങ്ങിയതാണ് ഹാജിറയുടെ വീട്ടിലേക്കുള്ള വഴി. ആ ഇടുങ്ങിയ വഴിയിലൂടെ എന്നും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന പ്രിയപ്പെട്ടവളുടെ മനസ്സ് പക്ഷേ ഒട്ടും ഇടുങ്ങിയതായില്ല. അത്രമേൽ വിശാലവും സ്നേഹ സമ്പന്നവുമാണത് എന്നതിന് ഇതിൽപ്പരം വേറെന്തു വേണം തെളിവ്.

കൂടുതലായി എന്തെഴുതാനാണ്. എങ്ങിനെയൊക്കെ വർണ്ണിച്ചാലാണ് ഈ ഒരു സത്കർമ്മത്തിന്‍റെ മൂല്യത്തെ അർഹിക്കുന്ന വിധത്തിൽ അടയാളപ്പെടുത്താനാവുക. വർത്തമാനകാല ഇന്ത്യയിൽ ഹാജിറയെന്നും -ഇന്ദിരയെന്നുമുള്ള രണ്ട് പേരുകൾ ചേർത്ത് നിർത്താൻ സാധിക്കുന്നത് തന്നെ ഒരു പ്രത്യേക സന്തോഷമാണല്ലോ.

പെങ്ങൾ എന്ന കവിതയിൽ ഒഎൻവി കുറിച്ചിട്ട രണ്ട് വരികൾ കൂടി എഴുതി കഥ അവസാനിപ്പിക്കട്ടെ.

" ചന്ദനം പോലെയരഞ്ഞ്

അകിൽ പോൽ പുകഞ്ഞ്

എന്നുമന്യർക്കായി സുഖഗന്ധമാകുവോൾ... " !

*ജി. എസ്. ശ്രീജിഷ്*

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News