'ദൈവത്തിനു മഹത്വവും മനുഷ്യർക്ക് സമാധാനവും ഇല്ലാത്ത നാടായി കേരളം മാറി'; സർക്കാരിനെതിരെ തൃശൂർ അതിരൂപതയുടെ രൂക്ഷവിമർശനം

'തലമുറകൾ അത്യധ്വാനം ചെയ്തുണ്ടാക്കിയ കിടപ്പാടം ഒഴിഞ്ഞുപോകുന്നവരുടെ അവസ്ഥ കാണണമെങ്കിൽ അവരുടെ ഇടയിലേക്ക് ഇറങ്ങണം. മൂന്നു കോടി ജനങ്ങൾ അധിവസിക്കുന്ന നാടാണെന്ന കാര്യം ആകാശക്കാഴ്ചകൾ കണ്ട് തീരുമാനമെടുക്കാനാകില്ല.'

Update: 2023-01-07 06:17 GMT
Editor : Shaheer | By : Web Desk
Advertising

തൃശൂർ: ബഫർസോൺ, വിഴിഞ്ഞം, കെ-റെയിൽ വിഷയങ്ങളിൽ സർക്കാരിനു രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. അതിരൂപതയുടെ മുഖപത്രം 'കത്തോലിക്കാസഭ'യുടെ മുഖപ്രസംഗത്തിലൂടെയാണ് വിമർശനം. ദൈവത്തിനു മഹത്വവും മനുഷ്യർക്ക് സമാധാനവും ഇല്ലാത്ത ഇടമായി കേരളം മാറിയെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

'സമാധാനമാണ് സർക്കാർ സമ്മാനിക്കേണ്ടത്' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾക്ക് തെരുവിലിറങ്ങാൻ നിർബന്ധിതരാകുന്നു. ഇത് സർക്കാരിന്റെ ശോഭ കെടുത്തുന്നു. തലമുറകൾ അത്യധ്വാനം ചെയ്തുണ്ടാക്കിയ കിടപ്പാടം ഒഴിഞ്ഞുപോകുന്നവരുടെ അവസ്ഥ കാണണമെങ്കിൽ അവരുടെ ഇടയിലേക്ക് ഇറങ്ങണം. ബഫർസോൺ പ്രതിഷേധത്തിനിടയാക്കിയതും ഇതു തന്നെയാണ്. മൂന്നു കോടി ജനങ്ങൾ അധിവസിക്കുന്ന നാടാണെന്ന കാര്യം ആകാശക്കാഴ്ചകൾ കണ്ട് തീരുമാനമെടുക്കാനാകില്ല. അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാലാണ് അതു മനസിലാക്കാൻ കഴിയുക-മുഖ്യപ്രസംഗത്തിൽ ആഞ്ഞടിക്കുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ദുരിതം കാണുന്നില്ല. ജനങ്ങളെ ദുരിതത്തിലാക്കിയുള്ള വികസനം മൂഢസ്വർഗമായിരിക്കും. കെ-റെയിലും ജനങ്ങൾക്ക് തീരാദുരിതമാണ് സമ്മാനിക്കുന്നത്. 31 കോടിയോളം ചെലവിട്ട പദ്ധതി മരവിച്ച നിലയിലാണ്. ജനങ്ങൾ ഏതുതരത്തിൽ വിഷമിച്ചാലും തങ്ങൾക്ക് ഒന്നുമില്ലെന്ന നിലപാട് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും കുറ്റപ്പെടുത്തുന്നു.

Full View

ആരു വന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന അവസ്ഥയ്ക്ക് മാറ്റമില്ലെങ്കിൽ നവകേരളം യാഥാർത്ഥ്യമാകുമോ അതോ തൊഴിലാളി വർഗ സർവാധിപത്യം മരീചികയാകുമോ എന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. എൻ.എസ്.എസ് ക്യാംപ് ഡിസംബർ 24ന് നടത്താനുള്ള ആദ്യ തീരുമാനത്തിനും വിമർശനമുണ്ട്. ചൂഷണത്തിനെതിരെ വിപ്ലവകാഹളം മുഴക്കിയവർ പുതിയ ചൂഷകരായി. ഇത് വൈരുധ്യാത്മക രാഷ്ട്രീയമായിരിക്കാമെന്നും കുറ്റപ്പെടുത്തുന്നു.

Summary: Thrissur archdiocese's mouthpiece 'Catholicasabha' criticizes Pinarayi Vijayan government on various issues including buffer zone, Vizhinjam protest and K-rail

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News