മനുഷ്യക്കടത്ത് കേസ്; രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി
ജാർഖണ്ഡ് നിന്നും പെൺകുട്ടികളെ ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ തൃശൂരിൽ എത്തിച്ചതാണ് കേസിന് ആധാരം
തൃശൂര്‍: മനുഷ്യക്കടത്ത് കേസിൽ രണ്ട് കന്യാസ്ത്രീകളെ തൃശൂർ അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാർഖണ്ഡ് നിന്നും പെൺകുട്ടികളെ ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സിൽ തൃശൂരിൽ എത്തിച്ചതാണ് കേസിന് ആധാരം.
ഐപിസി 370 ഉൾപ്പെടെ മനുഷ്യക്കടത്തിന്‍റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടികളെ അവരുടെ സമ്മതത്തോടെയും രക്ഷിതാക്കളുടെ സമ്മതത്തോടെയും കൊണ്ടുവന്നതാണെന്ന് കോടതി നിരീക്ഷിച്ചു. വീട്ടുജോലിക്കെന്ന വ്യാജേനെയാണ് പെൺകുട്ടികളെ കൊണ്ടുവന്നതെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം.വിചാരണ വേളയിൽ ബലപ്രയോഗം, ലൈംഗികമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ ചൂഷണം അല്ലെങ്കിൽ നിർബന്ധിത തൊഴിൽ എന്നിവയ്ക്ക് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല.
അതേസമയം ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് പരിഗണിക്കാതെ തള്ളി. കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് പറഞ്ഞ കോടതി, കേസ് എൻഐഎ കോടതിയിലേക്ക് വിടണമെന്നും നിരീക്ഷിച്ചു. കേസ് അന്വേഷിക്കേണ്ടത് ആർപിഎഫും ഛത്തീസ്ഗഡ് പൊലീസും അല്ലെന്നും ബംജ്റംഗ്ദൾ കോടതിയിൽ വാദിച്ചിരുന്നു.