'മീഡിയവണിനെ കുറിച്ച് പറഞ്ഞതില്‍ ഒരു തെറ്റുമില്ല'; എം.വി ഗോവിന്ദന് പിന്തുണയുമായി ടി.പി സെന്‍കുമാര്‍
'ഇന്ത്യ സ്വതന്ത്രമാകുമ്പോഴുണ്ടായിരുന്ന മുസ്‌ലിം ജനസംഖ്യയേക്കാള്‍ ഏഴിരട്ടിയാണ് ഇപ്പോഴത്തെ മുസ്‌ലിം ജനസംഖ്യയെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ മനസ്സിലാക്കണം'
തിരുവനന്തപുരം: 'മീഡിയവണ്‍' ചാനലിനെ കാളകൂട വിഷം എന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ പിന്തുണച്ച് സംഘപരിവാര്‍ സഹയാത്രികനും മുന്‍ ഡിജിപിയുമായ ടി.പി സെന്‍കുമാര്‍. എം.വി ഗോവിന്ദന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ഗസ്സയെ കുറിച്ചും ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുന്നതിനെ കുറിച്ചും അല്ലാതെ മറ്റെന്താണ് മീഡിയവണിന് പറയാനുള്ളതെന്നും സെന്‍കുമാര്‍ ചോദിച്ചു. ഇന്ത്യ സ്വതന്ത്രമാകുമ്പോഴുണ്ടായിരുന്ന മുസ്‌ലിം ജനസംഖ്യയേക്കാള്‍ ഏഴിരട്ടിയാണ് ഇപ്പോഴത്തെ മുസ്‌ലിം ജനസംഖ്യയെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ മനസ്സിലാക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
'എം.വി ഗോവിന്ദന്‍ മീഡിയവണ്‍ ചാനലിനെ കുറിച്ച് വസ്തുതാപരവും സത്യസന്ധവുമായ കാര്യമാണ് തുറന്നുപറഞ്ഞത്. കാളകൂട വിഷം എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെ കുറിച്ച് പ്രമോദ് രാമന്‍ ഒരു ലേഖനം എഴുതിവിട്ടിട്ടുണ്ട്. നിങ്ങള്‍ പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണെന്നും സ്വന്തം സംസ്‌കാരത്തെയും രാജ്യത്തെയും ഒറ്റുകൊടുക്കുന്നവരാണെന്നും ഞങ്ങള്‍ക്ക് അറിയാം. എം.വി ഗോവിന്ദന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? ഗസ്സയെ കുറിച്ചും ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുന്നതിനെ കുറിച്ചും അല്ലാതെ മറ്റെന്താണ് മീഡിയവണിന് പറയാനുള്ളത്. ഇന്ത്യക്കാരെ കുറിച്ച് അവര്‍ക്ക് എന്തെങ്കിലും വിഷമമുണ്ടോ. മുസ്‌ലിം സമുദായം ഇല്ലാതാകുന്നു എന്ന് പറയുന്ന പ്രമോദ് രാമന്‍ ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യ സ്വതന്ത്രമാകുമ്പോഴുണ്ടായിരുന്ന മുസ്‌ലിം ജനസംഖ്യയേക്കാള്‍ ഏഴിരട്ടിയാണ് ഇപ്പോഴത്തെ മുസ്‌ലിം ജനസംഖ്യ. എം.വി ഗോവിന്ദന്‍ പറഞ്ഞ ശരിയെ പണം വാങ്ങി രാജ്യത്തെയും സംസ്‌കാരത്തെയും വില്‍ക്കുന്ന ഒരാള്‍ എതിര്‍ക്കുന്നത് മ്ലേച്ഛമാണ്' - സ്വന്തം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വിഡിയോയില്‍ ടി.പി സെന്‍കുമാര്‍ പറഞ്ഞു.
മീഡിയവണ്‍ വര്‍ഗീയതയുടെ കാളകൂട വിഷമാണെന്ന് കഴിഞ്ഞ ദിവസമാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. മീഡിയവണ്‍ എന്ന് പറയുന്നത് വര്‍ഗീയതയുടെ അങ്ങേയറ്റമാണ്. വര്‍ഗീയതയുടെ വിഷം സമൂഹത്തില്‍ കലര്‍ത്തുന്നതില്‍ ഒന്നാം സ്ഥാനത്ത് ബിജെപിയും ആര്‍എസ്എസുമാണ്. രണ്ടാം സ്ഥാനത്ത് മീഡിയവണാണ്. അത് വളച്ചുകെട്ടി പറയേണ്ട കാര്യമില്ല. രാജ്യത്തെ മുഴുവനാളുകള്‍ക്കും അതറിയാം. കേരളം മതനിരപേക്ഷ ഉള്ളടക്കത്തോടെ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന നാടാണ്. അത് തകര്‍ക്കരുത്. വിഷം കലര്‍ത്തരുത്. കേരളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.