തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യോഗം അവലോകനം ചെയ്യും
കൊച്ചി: യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇതാദ്യമായാണ് യുഡിഎഫ് യോഗം ചേരുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ സംബന്ധിച്ച യുഡിഎഫ് കക്ഷികളുടെ അവകാശവാദങ്ങൾ യോഗം ചർച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യോഗം അവലോകനം ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പ മുന്നൊരുക്കവും ചർച്ചയാകും. പി.വി അൻവറിന്‍റെ യുഡിഎഫ് പ്രവേശന കാര്യവും യോഗത്തിൽ ചർച്ചയായേക്കും.
അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. പിബി അംഗം എ. വിജയരാഘവന്‍, സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്‍, വി.എന്‍. വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലുണ്ടായ വൻ തിരിച്ചടിയും ഏറ്റുമാനൂരിൽ പിന്നിൽ പോയതും ശക്തി കേന്ദ്രമായ കുമരകം , വെള്ളൂർ ജില്ലാ പഞ്ചായത്ത് സീറ്റുകളിലെ തോൽവിയും ചർച്ചയാകും.
സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും സംസ്ഥാന നേതാവിൻ്റെ ഇടപെടലുകളും ചർച്ചക്കു വന്നേക്കും . കേരളാ കോൺഗ്രസ് കേന്ദ്രങ്ങളിൽ സിപിഎമ്മിന് വോട്ട് ലഭിച്ചില്ലെന്ന കാര്യവും പരിശോധിക്കും. മുണ്ടക്കയം ഡിവിഷനിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിൻ്റെ തോൽവിയും നഗരസഭ കളിൽ ബിജെപി നടത്തിയ മുന്നേറ്റവും കമ്മിറ്റി ചർച്ച ചെയ്യും.