Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡല്‍ഹി: പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സംസ്ഥാനം ഒപ്പിടാന്‍ സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രി തന്നെ കാണാന്‍ വന്നത്. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സംസ്ഥാനത്തെ മുന്നണിയിലെ തര്‍ക്കമാണ്. മന്ത്രി ശിവന്‍കുട്ടിയോടൊപ്പമാണ് താന്‍ കേന്ദ്രമന്ത്രിയെ കണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
'പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചത് പ്രിയസുഹൃത്ത് ജോണ്‍ ബ്രിട്ടാസാണ്. അതില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്തിനകത്തെ മുന്നണിയിലെ തര്‍ക്കം കാരണമാണ് നിലവില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. അതിന് പരിഹാരം തേടിയാണ് ബ്രിട്ടാസും കേരള സര്‍ക്കാരിലെ ഒരു മന്ത്രിയും എന്നെ കാണാനെത്തിയത്.' കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേരളത്തിന് തടഞ്ഞുവെച്ച ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി മന്ത്രി ശിവന്‍കുട്ടിയുമായോടൊത്ത് കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
'നിരവധി തവണ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയോടൊത്ത് ഞാന്‍ കേന്ദ്രമന്ത്രിയെ കണ്ടിട്ടുണ്ട്. കേരളത്തിന് തടഞ്ഞുവെച്ച ഫണ്ടുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.'
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരാണ് തീരുമാനിക്കേണ്ടതൊന്നും അതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിഎം ശ്രീയില്‍ ബിജെപി- സിപിഎം അന്തര്‍ധാരയാണെന്ന് ജെബി മേത്തര്‍ എംപി പ്രതികരിച്ചു.
'ഇത് ധര്‍മേന്ദ്ര പ്രധാന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടയിലെ പാലമായി ജോണ്‍ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചു'. ബ്രിട്ടാസിന്റെ വാദം മറിച്ചാണെങ്കില്‍ മന്ത്രി വ്യക്തമാക്കട്ടെയെന്നും ജെബി മേത്തര്‍ പറഞ്ഞു.