ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

എം.വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം

Update: 2026-10-04 13:06 GMT

പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ പാലക്കാട്ട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി. മുന്‍ എംഎല്‍എ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ആറ് ഏരിയാ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ എട്ട് പേരെ ക്ഷണിതാക്കളാക്കി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. സമ്മേളന കാലത്തല്ലാതെ സെക്രട്ടറിയെ മാറ്റുന്നത് സിപിഎമ്മില്‍ അസാധാരണ നടപടിയാണ്. 

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിക്ക് വിഭാഗീയതയും വിമതനീക്കവും തടയാനായില്ലെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ജില്ലയില്‍ നേതാക്കളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതൊന്നും തടയാന്‍ ജില്ലാ നേതൃത്വത്തിന് ആകുന്നില്ല. അതാണ് തൃത്താലയിലും കോങ്ങാടും തോല്‍വിക്കിടയാക്കിയത്. ഇവിടെ വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഗ്രൂപ്പുകളാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടിക്ക് ഒരു കേന്ദ്രീകൃത സ്വഭാവം ഉണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

ജില്ലാ സെക്രട്ടറിക്ക് പക്വതയില്ലെന്നും ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്നും വിമര്‍ശനമുണ്ടായി. വിഭാഗീയതയും വിമത നീക്കവും തടയാനായില്ല. വിഭാഗീയ നീക്കം പരിഹരിക്കാതെ വഷളാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ചിറ്റൂരിലെ തോല്‍വിക്ക് കാരണമായ കൊഴിഞ്ഞാമ്പാറയിലെ വിമത നീക്കം തടയാന്‍ ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സെക്രട്ടറിയെ മാറ്റിയിരിക്കുന്നത്.


Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News