മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദിക്കാത്ത ചോദ്യങ്ങളുടെ പട്ടികയുമായി വി.ഡി സതീശൻ

കൈരളിയിൽ നിന്നും മൂന്നും ദേശാഭിമാനിയിൽ നിന്ന് രണ്ടും പ്രതിനിധികളാണ് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വാർത്താസമ്മേളനത്തിന് ഇത്രയും പേർ വരാറില്ല

Update: 2022-06-27 14:06 GMT
Editor : Dibin Gopan | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ ചോദിക്കാത്ത ചോദ്യങ്ങളുടെ പട്ടികയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മൂന്ന് ചോദ്യം മാത്രം മുഖ്യമന്ത്രിയോട് ചോദിക്കാൻ അവസരം കിട്ടിയവരാണ് ഇവിടെ വന്നിരിക്കുന്ന മാധ്യമപ്രവർത്തകർ. തൃക്കാക്കരയെ കുറിച്ചോ നിയമസഭയിലെ മാധ്യമ നിയന്ത്രണത്തെ കുറിച്ചോ സഭാ ടി.വിയിലെ സെൻസർഷിപ്പിനെ കുറിച്ചോ നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചില്ല. കെ.പി.സി.സി ഓഫീസ് അതിക്രമമോ കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ച് കടന്നതോ എച്ച്. സലാം എം.എൽ.എ വധഭീഷണി മുഴക്കിയതോ ചോദിച്ചില്ല. വിമാനത്താവളത്തിലെ അതിക്രമത്തെ കുറിച്ച് ഇ.പി ജയരാജൻ പച്ചക്കള്ളം പറഞ്ഞതും ചോദിച്ചില്ല.രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതും ചോദിച്ചില്ല. അനിത പുല്ലയിൽ കേരള ലോക സഭയിൽ വന്നതും മാധ്യമപ്രവർത്തകർ ചോദിച്ചില്ല.

Advertising
Advertising

കൈരളിയിൽ നിന്നും മൂന്നും ദേശാഭിമാനിയിൽ നിന്ന് രണ്ടും പ്രതിനിധികളാണ് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യാൻ എത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വാർത്താസമ്മേളനത്തിന് ഇത്രയും പേർ വരാറില്ല. അതൊരു ആദരവായി കാണുന്നു. മുഖ്യമന്ത്രിയോട് പല ചോദ്യങ്ങളും ചോദിക്കാതെയാണ് പ്രതിപക്ഷ നേതാവിന്റെ അടുത്തേക്ക് അഞ്ച് പേരെ വിട്ടിരിക്കുന്നത്. ഞാൻ നിങ്ങളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. അഞ്ച് പേർക്കും ചോദിക്കാം. പക്ഷെ മറുപടി പറയുമ്പോൾ തടസപ്പെടുത്തരുത്, പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഏറെ ദിവസത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി എത്തിയ സന്തോഷത്തിൽ പങ്ക് ചേരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 95 ശതമാനം സമയവും ഏകപക്ഷീയമായി സംസാരിക്കുകയും രണ്ടോ മൂന്നോ ചോദ്യങ്ങൾ മാത്രം ചോദിക്കാൻ അനുവദിച്ച ശേഷം ഇറങ്ങിപ്പോകുകയുമായിരുന്നു മുഖ്യമന്ത്രി. ഡിമൻഷ്യ ബാധിച്ച് ഇന്നലെ വരെയുള്ള മുഴുവൻ കാര്യങ്ങളും മറന്നു പോകുന്ന ആളെപ്പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. നിയമസഭ മുഴുവൻ അടിച്ച് തകർക്കാനും സ്പീക്കറുടെ കസേര മറിച്ചിടാനും വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാനും നിർദ്ദേശം കൊടുത്ത പാർട്ടി സെക്രട്ടറിയായിരുന്നു താനെന്ന് പിണറായി വിജയൻ മറന്നു പോയി.

നിയമസഭയുടെ ചരിത്രത്തിലെ അപമാനകരമായ സംഭവം ഉണ്ടാക്കാൻ നിർദ്ദേശം നൽകിയ പിണറായി വിജയനാണ് നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങൾ ഹീനമായാണ് പെരുമാറിയതെന്ന് പറയുന്നത്. മുദ്രാവാക്യം വിളിച്ചത് ഹീനമാണെന്ന് പറയുന്ന മുഖ്യമന്ത്രി പ്രതിപക്ഷത്തെ സഭാചട്ടം പഠിപ്പിക്കുകയാണ്. മുഖ്യമന്ത്രിയിൽ നിന്നും പെരുമാറ്റച്ചട്ടം പഠിക്കാൻ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ല. എൽ.ഡി.എഫ് ചെയ്തത് പോലെ ഒരു കാലത്ത് യു.ഡി.എഫ് അംഗങ്ങൾ നിയമസഭയിൽ പെരുമാറില്ലെന്ന് ഞാൻ ഉറപ്പ് നൽകുകയാണെന്നും സതീശൻ പറഞ്ഞു.

സഭ സ്തംഭിപ്പിക്കണം എന്നു കരുതിയല്ല പ്രതിപക്ഷം എത്തിയത്. സഭ്യമല്ലാത്ത രീതിയിൽ ഭരണപക്ഷം പെരുമാറിയത് കൊണ്ടാണ് നടപടികൾ ബഹിഷ്‌ക്കരിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭാ ടി.വിയിൽ കാണിച്ചില്ല. സഭാ ടി.വി എന്ന സംവിധാനത്തെ വരെ രാഷ്ട്രീയവത്ക്കരിച്ചു. ഇതൊക്കെ ഏകപക്ഷീയമായ നിലപാടാണ്. അതുകൊണ്ടാണ് സഭ സ്തംഭിപ്പിക്കാൻ തീരുമാനിച്ചത്. ഈ നടപടി തുടർന്നാൽ സഭാ ടി.വിയുടെ സംപ്രേക്ഷണം അനുവദിക്കില്ല. ഭരണപക്ഷത്തെ മാത്രം കാണിക്കാനാണെങ്കിൽ സി.പി.എം ടി.വി എന്ന് പറഞ്ഞാൽ മതി, സഭ ടി.വി എന്ന് പറയണ്ട. സഭ നിർത്തിവച്ചാൽ സ്പീക്കർ കക്ഷി നേതാക്കളെ വിളിക്കും. എന്നാൽ ഇന്ന് അതൊന്നും ഉണ്ടായില്ല. ഇതൊക്കെ സഭയുടെ കീഴ് വഴക്കങ്ങളാണ്. അതുകൊണ്ടാണ് സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.



Full View


Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News