കേരളത്തില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ഇരുചക്ര വാഹനങ്ങളുടേത് 60 കി.മീ ആയി കുറച്ചു

ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു

Update: 2023-06-14 15:53 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന് അനുസൃതമായി പുതുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് റോഡപകടങ്ങളില്‍പ്പെടുന്നത് കൂടുതലും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറയ്ക്കാനാണ് തീരുമാനം. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും. ജൂലൈ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും

6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 (85) കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് 6 വരി, 4 വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.

സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ ഐ.ഒ.എഫ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News