'ചിത്രങ്ങൾ സ്വകാര്യ ആൽബത്തിൽ സൂക്ഷിക്കാനെടുത്തത്‌, പോസ്റ്റ് ചെയ്തത് ഫോട്ടേഗ്രാഫർ': എസ്.ഐ പറയുന്നു...

'ഞാനോ എന്റെ ഭർത്താവോ ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടില്ല. ഫോട്ടോഗ്രാഫർ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജിൽ ഷെയർ ചെയ്തിരുന്നു, അങ്ങനെയാണ് വൈറലായത്'- എസ്.ഐ പറഞ്ഞു.

Update: 2021-12-07 16:27 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്ടെ ഒരു സബ് ഇൻസ്പെക്ടറുടെ സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദമായിരുന്നു. വനിതാ പ്രിൻസിപ്പൽ എസ്.ഐ പൊലീസ് യൂണിഫോമിൽ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതാണ് വിവാദമായത്. കോഴിക്കോട് ജില്ലയിലെ പോലീസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ ആണ് ഔദ്യോഗിക യൂണിഫോമില്‍ പ്രതിശ്രുത വരനുമൊത്ത് സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയത്.

ഇങ്ങനെ ഫോട്ടോഷൂട്ട് നടത്തിയതിൽ പൊലീസ് സേനയ്ക്കിടയിൽ തന്നെ പ്രതിഷേധം പുകഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പള്‍ എസ്.ഐ തന്നെ രംഗത്ത് എത്തിയിരിക്കുന്നു.

സ്വകാര്യ ആൽബത്തിൽ സൂക്ഷിക്കാനായി ഒരു ആഗ്രഹത്തിന്റെ പുറത്ത് എടുത്ത ഫോട്ടോയാണിതെന്നാണ് എസ്.ഐ മനോരമന്യൂസിനോട് വ്യക്തമാക്കിയിരിക്കുന്നത്. 'ഞാനോ എന്റെ ഭർത്താവോ ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടില്ല. ഫോട്ടോഗ്രാഫർ പബ്ലിസിറ്റിക്കായി ചിത്രം അവരുടെ പേജിൽ ഷെയർ ചെയ്തിരുന്നു, അങ്ങനെയാണ് വൈറലായത്'- എസ്.ഐ പറഞ്ഞു.

'ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ ഇത് ഷെയർ ചെയ്യരുതെന്ന് പറഞ്ഞതാണ്, അവർ അത് അനുസരിച്ചില്ല. എന്നെ ടാഗ് ചെയ്യാതിരുന്നത് കൊണ്ട് പേജിലിട്ടിരുന്ന കാര്യം ഞാനും അറിഞ്ഞില്ല. രണ്ടാം തീയതിയായിരുന്നു എന്റെ വിവാഹം. വിവാഹത്തിന്റെ തിരക്കിലായത് കാരണം സമൂഹമാധ്യമങ്ങൾ ശ്രദ്ധിക്കാനും സാധിച്ചില്ല. രണ്ട് ദിവസം മുൻപ് സിഐ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്'- എസ്.ഐ പറഞ്ഞു.

'പൊലീസ് യൂണിഫോമിനെ അപമാനിക്കണമെന്ന് ചിന്തിച്ചിട്ട് പോലുമില്ല. ഭർത്താവിനൊപ്പം യൂണിഫോമിലൊരു ഫോട്ടോ വേണമെന്നൊരു ആഗ്രഹം തോന്നി എടുത്തതാണ്. ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. രണ്ട് ദിവസമായി ഞാൻ ഫോൺ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയായിരുന്നു'- എസ്.ഐ പറഞ്ഞു.

ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആദ്യം പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും ചിത്രം വൈറലായി. യൂണിഫോമിലെ രണ്ട് സ്റ്റാറുകളും സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്‌ഐ ആയിരിക്കെ ലഭിച്ച മെഡലുകളും യൂണിഫോമിലണിഞ്ഞുകൊണ്ടാണ് എസ്‌ഐ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News