വിഴിഞ്ഞം ഉദ്ഘാടനം; സംസ്ഥാന സർക്കാർ പരസ്യത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യ പ്രാധാന്യം
മോദിക്ക് നന്ദി പറഞ്ഞുള്ള പരസ്യവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ പരസ്യത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യ പ്രാധാന്യം. കേന്ദ്രം ഇന്നലെ നൽകിയ പരസ്യത്തിൽ സംസ്ഥാനത്തെ അവഗണിച്ചിരുന്നു. മോദിക്ക് നന്ദി പറഞ്ഞുള്ള പരസ്യവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.
ഇതിനിടെ വിഴിഞ്ഞത്ത് പോസ്റ്റർ യുദ്ധവുമായി കോൺഗ്രസും സിപിഎമ്മും . മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് വിഴിഞ്ഞത്ത് പോസ്റ്റർ പതിച്ചു. സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് സിപിഎമ്മും ഇന്നലെ ബോർഡ് സ്ഥാപിച്ചിരുന്നു.
അതേസമയം വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. പ്രത്യേക വിമാനത്തിൽ രാത്രി ഏഴേമുക്കാലിനാണ് അദ്ദേഹം എത്തുന്നത്. നാളെ രാവിലെ 11 മണിക്കാണ് വിഴിഞ്ഞം തുറമുഖം നാടിന് സമർപ്പിക്കുന്ന ചടങ്ങ്. തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലാണ് തങ്ങുക. നാളെ രാവിലെ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം വിഴിഞ്ഞത്തെത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിമുതൽ രാത്രി 10 വരെയും നാളെ രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തുറമുഖ ഉദ്ഘാടന പരിപാടിക്ക് ശേഷം പ്രധാനമന്ത്രി നാളെ തന്നെ ഡൽഹിയിലേക്ക് മടങ്ങും.