വിഴിഞ്ഞത്ത് സമരം ശക്തമാക്കി ലത്തീൻ അതിരൂപത; തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി, സംഘര്‍ഷം

ജനബോധന റാലിക്കിടെ സമരക്കാരും പൊലീസും തമ്മിൽ സംഘർഷം

Update: 2022-09-18 13:20 GMT
Advertising

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം കൂടുതൽ ശക്തമാക്കി ലത്തീൻ അതിരൂപത. അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു .

ഹാർബറിൽ നിന്ന് ആരംഭിച്ച റാലി ബിഷപ്പ് സൂസെപാക്യം ഫ്ലാഗ് ഓഫ് ചെയ്തു. പദ്ധതി മത്സ്യത്തൊഴിലാളികളെയും തീരത്തെയും ഇല്ലാതാക്കുമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സുപ്രിം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു .

മൂന്നരയോടെ വിഴിഞ്ഞം ഹാർബറിൽ നിന്ന് തുടങ്ങിയ ജനബോധന യാത്ര നാലരയോടെയാണ് തുറമുഖ കവാടത്തിന് മുന്നിലെത്തിയത്. വൈദികരും, സന്യസ്തരും , വിശ്വാസികളും, മത്സ്യത്തൊഴിലാളികളും അടക്കം പതിനായിരങ്ങൾ ബഹുജന റാലിയിൽ പങ്കാളികളായി. പരിസ്ഥിതി പ്രവർത്തകരായ സി ആർ നീലകണ്ഠൻ, ജോൺ പെരുവന്താനം തുടങ്ങിയവരുമെത്തി. സുപ്രിം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സർക്കാരും അദാനിയും ഈ പദ്ധതിയിൽ നിന്ന് പിന്മാറുന്ന സമയം വിദൂരമല്ലെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ജനബോധന റാലിക്കിടെ മുല്ലൂർ കവാടത്തിന് മുന്നിൽ സമരക്കാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ചിലർ ബാരിക്കേട് മറിച്ചിട്ടു. നിലവില്‍ തുടരുന്ന സത്യഗ്രഹസമരം ഇരുപത്തിനാല് മണിക്കൂറാക്കും. രാവിലെ പത്ത് മണിമുതല്‍ വൈകിട്ട് ആറ് വരെ ഇരുന്നൂറ്റിയമ്പത് പേരും രാത്രി എഴുപത്തിയഞ്ച് പേരും ധര്‍ണയിൽ നാളെ മുതൽ പങ്കെടുക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News