എസ്ഐആറില്‍ പുറത്താക്കുന്ന വോട്ടർമാർ കൂടുതലുള്ളത് ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളിൽ
സുരേഷ് ഗോപി ജയിച്ച തൃശൂരിൽ നിന്ന് സ്ഥലം മാറിപ്പോയ വോട്ടർമാരുടെ എണ്ണം വലുതാണ്
കോഴിക്കോട്: എസ്ഐആറില്‍ പുറത്താക്കുന്ന വോട്ടർമാർ കൂടുതലുള്ളത് കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളില്‍. സംസ്ഥാനത്ത് പുറത്താക്കുന്ന വോട്ടർമാരില്‍ 22 ശതമാനവുമുള്ളത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളില്‍. സുരേഷ് ഗോപി ജയിച്ച തൃശൂരിലെ മണ്ഡലങ്ങളില്‍ മാറിപ്പോയ വോട്ടർമാരുടെ പട്ടികയും വലുതാണ്.
എസ്ഐആര്‍ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയില്‍ നിന്ന് പുറത്താകുന്നവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ്. 58,828 വോട്ടർമാർ. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ 28 ശതമാനം. ബിജെപി രണ്ടാമതെത്തിയ മണ്ഡലമാണ് തിരുവനന്തപുരം. പുറത്താക്കുന്നവരുടെ എണ്ണം കൂടുതലുള്ള അടുത്ത മണ്ഡലങ്ങള്‍ വട്ടിയൂർക്കാവും നേമവും കഴക്കൂട്ടവുമാണ്. ഈ മൂന്നും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണ്.
സുരേഷ് ഗോപി തൃശൂരില്‍ നിന്ന് വിജയിച്ചപ്പോള്‍ ഗുരുവായൂർ ഒഴികെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടിയിരുന്നു.ഈ ആറ് മണ്ഡലങ്ങളിലും അജ്ഞാത വോട്ടർമാരുടെ എണ്ണവും കൂടുതലാണ്.
എസ്ഐആറിലൂടെ വോട്ടർപട്ടികയില്‍ നിന്ന് 25 ലക്ഷം വോട്ടർമാർ പുറത്തുപോകും എന്നാണ് കണക്ക്. ഇതില്‍ 22.62 ശതമാനവും ബി ജെ പി ഒന്നും രണ്ടും സ്ഥാനത്തു വന്ന 20 മണ്ഡലങ്ങളിലാണ് എന്നത് ശ്രദ്ധേയാണ്. ബൂത്ത് തല പരിശോധന നടത്തുമ്പോഴും ഈ രീതി തുടരുന്നത് കാണാം. സുരേഷ് ഗോപിക്ക് 559 വോട്ട് ഭൂരിപക്ഷം ലഭിച്ച തൃശൂർ മണ്ഡലത്തിലെ 29 ാം ബൂത്തില്‍ പുറത്താക്കുന്ന വോട്ടർമാരുടെ എണ്ണം 337 ആണ്.ഇതില്‍ 334 പേരും കണ്ടെത്താനാവാത്തവർ ( UNTRACEABLE ) എന്ന വിഭാഗത്തിലാണ്. സംസ്ഥാനടിസ്ഥാനത്തില്‍ ഒരു ബൂത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന ശരാശരി വോട്ടർമാരുടെ എണ്ണം 50 ആണ്. എന്നാല്‍ ബിജെപി ലീഡ് ചെയ്ത ബൂത്തുകളില്‍ ഇത് പല മടങ്ങ് വർധിക്കുകയാണ്.
സ്ഥലം മാറിപ്പോയ വോട്ടർമാരുടെ എണ്ണം വലിയ തോതില്‍ വർധിച്ച പ്രതിഭാസവും തൃശൂരിലെ മണ്ഡലത്തില്‍ കാണാന്‍ കഴിയും. 16-ാം ബൂത്തില്‍ പുറത്താക്കുന്ന വോട്ടർമാരുടെ എണ്ണം 191 ആണ്. അതില്‍ 143 ഉം സ്ഥിരമായി മാറിപ്പോയവരാണ്. നഗരമണ്ഡലങ്ങളില്‍ മാറിപോകുന്ന വോട്ടർമാരുടെ എണ്ണം വർധിക്കാറുണ്ട്. എറണാകുളം മണ്ഡലമാണ് ഉദാഹരണം. എന്നാല്‍ ഒല്ലൂരും മണലൂരും ആറ്റിങ്ങലും മഞ്ചേശ്വരം ഉള്‍പ്പെടെ ബി ജെ പി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ അജ്ഞാതവോട്ടർമാരുണ്ട് എന്നതാണ് വസ്തുത.
അജ്ഞാത വോട്ടർമാരുടെയും സ്ഥലം മാറിപ്പോയ വോട്ടർമാരുടെയും എണ്ണം ബിജെപി മുന്നിലെത്തിയ മണ്ഡലങ്ങളെ മാത്രം എങ്ങനെ കൂടി എന്ന ചോദ്യം പ്രസക്തമാണ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തില്‍ വോട്ട് ചോരിയും ഒരു ഘടകമായിരുന്നു എന്ന ആരോപണവും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.