വഖഫ് ബോർഡ് പുനഃസംഘടന; കാന്തപുരത്തെ കണ്ട് മന്ത്രി എൻ.ഷംസുദ്ദീൻ, കലക്ട്രേറ്റ് മാർച്ച് മാറ്റി

വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു

Update: 2026-10-20 14:19 GMT

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കാന്തപുരം വിഭാഗം പ്രഖ്യാപിച്ച പ്രതിഷേധങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ അനുനയനീക്കം. മന്ത്രി എന്‍.ഷംസുദ്ദീന്‍ കാരന്തൂര്‍ മര്‍ക്കസില്‍ നേരിട്ടെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. വഖഫ് ബോര്‍ഡില്‍ സംഘടനയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുനല്‍കുമെന്ന് മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിന് അനുയോജ്യമായ പരിഹാരം കാണുമെന്നും മന്ത്രി എന്‍.ഷംസുദ്ദീന്‍ പ്രതികരിച്ചു. കാന്തപുരം വിഭാഗവുമായി നടത്തിയ ചര്‍ച്ച വളരെ സൗഹൃദപരമായിരുന്നെന്നും ആരെയും ഒഴിവാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സാഹചര്യം അനുസരിച്ച് ഉണ്ടായ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Advertising
Advertising

മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, വരുന്ന 22-ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന കലക്ടറേറ്റ് മാര്‍ച്ച് മാറ്റിവെച്ചതായി കാന്തപുരം വിഭാഗം നേതാവ് വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി അറിയിച്ചു. മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ മാറ്റിവെക്കുന്നതെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുമായി യോജിച്ച് പോകുന്നതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും പകരം സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായത്. മുഖ്യമന്ത്രിയുടെ സമവായ ഫോര്‍മുല പ്രകാരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോര്‍ഡ് അംഗത്വമൊഴിയുകയും പകരം കാന്തപുരം വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയും തുടര്‍ന്ന് തൊടിയൂരിനെ ചെയര്‍മാനാക്കുകയും ചെയ്യും.

ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ എപി വിഭാഗം കോഴിക്കോട്ട് യോഗം ചേരുകയും നേതാക്കള്‍ കാന്തപുരവുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. വഖഫില്‍ സമവായമായെന്നും പ്രഖ്യാപിച്ച ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തി എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്നും മന്ത്രി എന്‍. ഷംസുദ്ദീൻ വ്യക്തമാക്കി. ചില കാറ്റഗറി അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് എല്ലാവരെയും ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതെന്നും ആരെയും ബോധപൂര്‍വം മാറ്റിനിര്‍ത്തിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഒരു വിഭാഗത്തെയും മനഃപ്പൂര്‍വം ഒഴിവാക്കിയിട്ടില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News