'യേശു നേരിട്ടതിനേക്കാൾ വലിയ പ്രയാസം ഉത്തരേന്ത്യൻ സഹോദരിമാർ നേരിടുന്നു'; സുരേഷ് ഗോപിയെ വേദിയിൽ ഇരുത്തി വിമർശിച്ച് കൗൺസിലർ
'നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ നമ്മെ വേദനിപ്പിക്കുന്ന വേദനിപ്പിക്കുന്ന വാർത്തകളാണ് വരുന്നത്'.
തൃശൂർ: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ വേദിയിലിരുത്തി ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളിൽ വിമർശനവുമായി വാർഡ് കൗൺസിലർ. തൃശൂർ മിഷൻ ക്വാർട്ടേഴ്സ് യുഡിഎഫ് വാർഡ് കൗൺസിലർ ബൈജു വർഗീസാണ് വിമർശനം ഉന്നയിച്ചത്. നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഉത്തരേന്ത്യയിലുള്ളർ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും യേശു നേരിട്ടതിനേക്കാൾ വലിയ സഹനവും പ്രയാസവുമാണ് അവർ നേരിടുന്നതെന്നും ബൈജു വർഗീസ് പറഞ്ഞു.
'ഒരുപാട് സഹോദരിമാരും സഹോദരന്മാരും ബുദ്ധിമുട്ടുന്ന വാർത്ത നമ്മൾ കേൾക്കുന്നു. നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ നമ്മെ വേദനിപ്പിക്കുന്ന വേദനിപ്പിക്കുന്ന വാർത്തകളാണ് വരുന്നത്. സത്യത്തിൽ ക്രിസ്തുവാണ് ഏറ്റവും വലിയ സഹനവും പ്രയാസവും നേരിട്ടതെന്നാണ് നമ്മൾ മനസിലാക്കിയിരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാവപ്പെട്ട അമ്മമാരും സഹോദരിമാരുമാണ് ക്രിസ്തുവിനേക്കാൾ വലിയ സഹനം സഹിക്കുന്നത്. അതറിയുമ്പോൾ നമ്മുടെ മനസ് പിടയും'- അദ്ദേഹം വിശദമാക്കി.
എന്നാൽ കൗൺസിലർ തെറ്റിദ്ധാരണ പരത്തുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തിരുവനന്തപുരത്ത് ഒരു ക്രിസ്തീയ വിശ്വാസിയുടെ പോലെതന്നെ ക്രിസ്മസിന് വേണ്ടി ദീപാലങ്കൃതമായ വീടാണ് തന്റേത്. ഉത്തരേന്ത്യയിൽ നടക്കുന്നത് നാടകമാണെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.
'ഉത്തരേന്ത്യയിൽ ആരാണ് ഈ നാടകമൊക്കെ കാട്ടിക്കൂട്ടുന്നതെന്നും അതെന്തിന് വേണ്ടിയാണെന്നും കൗൺസിലറുടെ പാർട്ടിക്കാരോട് തന്നെ ചോദിച്ചാൽ പറയും. ഇതെല്ലാം രാഷ്ട്രീയവത്കരണത്തിനായുള്ള പ്രവർത്തനങ്ങളാണ്. എല്ലാത്തിനും ഒരു കാരണമുണ്ടാവും. ആ കാരണം ആര് സൃഷ്ടിച്ചു. അതിൽ ഗുണം കൊയ്യാമെന്ന് ആര് വിചാരിച്ചു. അവരുടെ വിക്രിയകൾ മാത്രമാണ്'- സുരേഷ് ഗോപി കൂട്ടിച്ചേർത്തു.