സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയ സർക്കാറിന്റെ കേരളീയം ധൂർത്ത് ജനദ്രോഹം-വെൽഫെയർ പാർട്ടി

''ക്ഷേമ പരിപാടികളും ശമ്പളവും പെൻഷനുകളും എല്ലാം മുടങ്ങിയ സാഹചര്യത്തിലും വൻ തുക ചെലവഴിച്ച് വലിയ ആർഭാടത്തോടെ നടത്തുന്ന കേരളീയം പരിപാടി സർക്കാരിന്‍റെ പി.ആർ വർക്ക് മാത്രമായി സംശയിക്കാം''

Update: 2023-11-02 15:48 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സംസ്ഥാന സർക്കാർ 27 കോടിയോളം രൂപ ചെലവഴിച്ച് കേരളീയം പരിപാടി നടത്തുന്നത് ജനദ്രോഹപരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി. കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. കെടിഡിഎഫ്സി ഖജനാവ് കാലിയായ അവസ്ഥയാണ്. നിക്ഷേപകർക്ക് കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുകകൾ തിരികെ നൽകാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിൽ ആണോ എന്ന് രൂക്ഷവിമർശനം കോടതി തന്നെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇത്തരത്തിൽ ക്ഷേമ പരിപാടികളും ശമ്പളവും പെൻഷനുകളും എല്ലാം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിലും വൻ തുക ചെലവഴിച്ച് വലിയ ആർഭാടത്തോടെ നടത്തുന്ന കേരളീയം പരിപാടി സർക്കാരിൻറെ കേവലം മുഖം മിനുക്കാനുള്ള പി.ആർ വർക്ക് മാത്രമായി ന്യായമായും സംശയിക്കാമെന്നും റസാഖ് പാലേരി ആരോപിച്ചു.

ഒരേസമയം സർക്കാർ ഖജനാവ് കാലിയാണെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നും സ്വയം സമ്മതിക്കുകയും അതിധാരാളിത്തത്തോടെ ഭീമമായ തുക ഇത്തരം പരിപാടികൾക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. കേരളീയത്തിന്റെ പ്രസക്തിയെയും ധാരാളിത്തത്തെയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് നീതീകരിക്കാനാവില്ല. ഒരു ജനാധിപത്യ സർക്കാർ എന്ന നിലയിൽ പ്രതിപക്ഷത്തിന്റെയും കേരള സമൂഹത്തിന്റെയും ചോദ്യങ്ങളോട് മറുപടി പറയാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് റസാഖ് പാലേരി ഓർമിപ്പിച്ചു.

Summary: During the economic crisis, the state government's Keraleeyam program is a profligate against the people: Welfare Party Kerala President Razak Paleri

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News