'ഇത് എന്ത് വകുപ്പാണ്'; വനം വകുപ്പിനെതിരെ വി.ഡി സതീശൻ

വന്യജീവി അക്രമം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വാദം ശരിയല്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു

Update: 2023-02-01 06:24 GMT

വി.ഡി സതീശൻ

Advertising

തിരുവനന്തപുരം: വനം മന്ത്രി നടത്തിയത് കുറ്റസമ്മതമെന്ന് വി ഡി സതീശൻ. വരാനിരിക്കുന്ന പഠനത്തിന് വേണ്ടി കാത്തിരിക്കുകയല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ സഹായം വേണമെന്നത് ശരിയാണ് പക്ഷെ അത് വരെ നമുക്ക് കാത്തിരിക്കാൻ ആകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നിയമ സഭയിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

ആളുകള്‍ ഭീതിയിലാണെന്നും അതിനാലാണ് സമരം ചെയ്യുന്നതെന്നും  പറഞ്ഞ വി ഡി സതീശൻ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്നും അപേക്ഷകള്‍ കെട്ടികിടക്കുയാണെന്നും  പറഞ്ഞു.

കടുവ ശല്യത്തിൽ എന്തെങ്കിലും പഠനം നടത്തിയോ എന്ന് ചോദിച്ച അദ്ദേഹം വനം വകുപ്പിന് ഡാറ്റാ കളക്ഷൻ പോലും ഇല്ലെന്ന് പരിഹസിച്ചു . 'ഇത് എന്ത് വകുപ്പാണ്' ജനപ്രതിനിധികളോട് പിരിവ് നടത്തി പ്രശ്നം പരിഹരിക്കാനാണ് വനം മന്ത്രി പറയുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേ സമയം വന്യജീവി അക്രമം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വാദം ശരിയല്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വനമേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ മാത്രമല്ലെന്നും പറഞ്ഞു.

പരിമിതികളിൽ നിന്നും ആത്മാർത്ഥമായി പ്രവർത്തിച്ചെന്നും ജീവനക്കാരുടെ ആത്മ വീര്യത്തെ നഷ്ടപ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയമായ പഠനം ആവശ്യമാണെന്നും വ്യത്യസ്തമായ റിപ്പോർട്ടുകൾ സർക്കാരിൻറെ പക്കൽ ഉണ്ടെന്നും അതിൻറെ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മനുഷ്യ - വന്യ ജീവി സംഘർഷത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം വിശദമായ ചർച്ചയാവാം എന്ന് പറഞ്ഞ മന്ത്രി ചിന്നക്കനാലിൽ ശക്തിവേൽ മരിച്ച സംഭവം ദാരുണമാണെന്ന് കൂട്ടിച്ചേർത്തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News